ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് ഡെൽഹിയിൽ വച്ച് നടക്കുന്ന യോഗത്തിൽ നിരവധി പാർട്ടികളിലെ പ്രമുഖർ പങ്കെടുക്കുമെന്നും, പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ശരദ് പവാറെന്നും അദ്ദേഹത്തിന്റെ പാർട്ടി അറിയിച്ചു.
പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന് മുന്നോടിയായി ശരദ് പവാർ ഇന്നലെ പ്രമുഖ രാഷ്‌ട്രീയ തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച നടത്തി. ഈ മാസം ഇവർ തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്‌ചയാണ് പവാറിന്റെ വസതിയിൽ നടന്നത്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ മൂന്നാം മുന്നണി ഉടൻ രൂപീകരിക്കപ്പെടും എന്ന തരത്തിലുള്ള വാർത്തകൾക്ക് ഇടയിലാണ് ശരദ് പവാർ യോഗം വിളിച്ചു ചേർക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിലെ മികച്ച വിജയത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്ന പ്രശാന്ത് കിഷോർ മൂന്നാം മുന്നണിയുടെ പിന്നിൽ ഉണ്ടാവുമെന്നാണ് സൂചന. എൻസിപി വക്‌താവ് നവാബ് മാലിക് ഇന്നത്തെ യോഗത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പവാറിന്റെ വസതിയിൽ വച്ച് നടക്കുന്ന യോഗത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്‌ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, ആംആദ്‌മി പാർട്ടിയുടെ സഞ്‌ജയ് സിംഗ്, മുതിർന്ന സിപിഐ നേതാവ് ഡി രാജ എന്നിവർ പങ്കെടുക്കുമെന്നാണ് നവാബ് മാലിക് വ്യക്‌തമാക്കിയത്.
Read Also: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയ്‌ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്