അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമാണ് ഇദ്ദേഹം. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സൂക്ഷിക്കുന്ന ഭരണാധികാരി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്.
ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2014ൽ രോഗബാധിതനായതിനു ശേഷം ഏഴ് വർഷത്തോളമായി കിരീടാവകാശിയെന്ന നിലയിൽ ഭരണച്ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. പ്രസിഡണ്ടെന്ന നിലയിലേക്ക് ചുമതല മാറുമ്പോൾ ഷെയ്ഖ് മുഹമ്മദിന്റെ നയങ്ങൾക്ക് മാറ്റമുണ്ടാകില്ല എന്നാണ് കരുതുന്നത്.
ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി 2019ൽ ന്യൂയോർക് ടൈംസ് തിരഞ്ഞെടുത്തത് 61കാരനായ ഷെയ്ഖ് മുഹമ്മദിനെയാണ്. ഒരിക്കലും അടുക്കില്ലെന്നു കരുതിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതടക്കം ശക്തമായ തീരുമാനങ്ങളെടുത്ത ഭരണാധികാരിയായിരുന്നു ഇദ്ദേഹം.
അതേസമയം, യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ സ്വകാര്യ മേഖലക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: 10,000 വർഷങ്ങൾക്ക് മുൻപ് കാണാതായി; ആ പാമ്പ് ഇവിടെയുണ്ട്…








































