മുംബൈ: രാജ്യത്തെ ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപിയായ സഞ്‌ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്‌ക്കേണ്ടതായിരുന്നു എന്നും റാവത്ത് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്. രാജ്യത്ത് ആഘോഷത്തിന്റെ അന്തരീക്ഷമില്ലെന്നും വിലക്കയറ്റം കാരണം ആളുകൾ വായ്‌പയെടുത്ത് ദീപാവലി ആഘോഷിക്കണമെന്നും സഞ്‌ജയ് റാവത്ത് കുറ്റപ്പെടുത്തി.
ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലെ മൂന്ന് അസംബ്ളി സീറ്റുകളിലും ഉത്തരേന്ത്യൻ സംസ്‌ഥാനത്തെ മാണ്ഡി ലോക്‌സഭാ സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിലെ ഡെൽഗൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അയൽ സംസ്‌ഥാനമായ ദാദ്ര നഗർ ഹവേലി ലോക്‌സഭാ സീറ്റിലും വിജയിക്കാനായില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇന്ധന വില കുറച്ചത്.