കോട്ടയം: തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നിലും സമരക്കാരുടെ പ്രതിഷേധം. സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിന് എതിരെയുള്ള സമരത്തിൽ പങ്കെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തുന്നത്. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത നാല് സ്ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശേരി, യുഡിഎഫ് നേതാവ് ലാലി വിൻസന്റ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശ്ശേരിയിലെ പ്രതിഷേധത്തിനിടെ പോലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു.
മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. 30 സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കി. ചങ്ങനാശ്ശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്.
Most Read: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി






































