തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കോട്ടയം നട്ടാശ്ശേരിയിൽ കല്ലിടൽ ആരംഭിക്കുന്നതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. സർവേ കല്ലുകളുമായി എത്തിയ വാഹനം സമരക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇവിടെ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
കുഴിയാലിപ്പടിയിൽ കണ്ണീർ വാതകം ഉൾപ്പടെയുള്ളവ എത്തിച്ചിട്ടുണ്ട്. കോട്ടയം നട്ടാശ്ശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത നൂറ് പേർക്കെതിരെയും കളക്‌ട്രേറ്റിൽ നടന്ന സമരത്തിൽ പങ്കെടുത്ത 75 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുകയാണ്.
എറണാകുളം ചോറ്റാനിക്കരയിൽ സമരസമിതിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സമരപ്പന്തൽ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്‌കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
അതിനിടെ, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച. പദ്ധതിയുടെ പ്രാധാന്യവും നിലവിൽ നടക്കുന്ന പ്രവർത്തികളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. റെയിൽവേ മന്ത്രാലയത്തിന് മുൻപിലുള്ള ഡിപിആറിന് എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കും. സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപിയും പ്രതിഷേധ രംഗത്തുള്ളതിനാൽ ഇന്നത്തെ കൂടിക്കാഴ്‌ച നിർണായകമാണ്.
Most Read: ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി