തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച വിദഗ്‌ധരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ. പദ്ധതിക്കെതിരായ വിമർശനങ്ങൾ കേൾക്കാനും മറുപടി നൽകാനുമാണ് സർക്കാർ വേദി ഒരുങ്ങുന്നത്. ഏപ്രിൽ 28ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക് വർമ, ആർവിജി മോഹൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും.
കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചയിൽ ക്ഷണമില്ല. അതിനിടെ പ്രതിഷേധങ്ങൾ അവഗണിച്ച് സിൽവർ ലൈൻ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഒരിടവേളക്ക് ശേഷം ഇന്നലെ സർവേ പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരത്തും കണ്ണൂരിലും സംഘർഷമുണ്ടായെങ്കിലും കല്ലിടൽ നിർത്തിവെക്കേണ്ടെന്നാണ് തീരുമാനം.
പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്‌ഥലങ്ങളിൽ ഇന്ന് സർവേ തുടരും. സർവേ നടപടികൾ തുടരാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം കുറഞ്ഞ സ്‌ഥലങ്ങൾ തിരഞ്ഞുപിടിച്ച് സർവേ നടത്താനാണ് പദ്ധതി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ എല്ലായിടത്തും പോലീസ് സംരക്ഷണത്തിൽ തന്നെയാകും സർവേ നടക്കുക.
Most Read: തിരുവനന്തപുരം- ബെംഗളൂരു കെഎസ്‌ആർടിസി തകരാറിൽ; യാത്രക്കാർ തൃശൂരിൽ കുടുങ്ങി







































