ബെംഗളൂരു: ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാതൽ സോഷ്യലിസവും മതേതരത്വവുമാണെന്ന് എംപിയും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. മണിപ്പാലിലെ കൺട്രി ഇൻ ഹോട്ടലിൽ മോദി സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള സംവാദം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യയിലെ നിരവധി പ്രശ്‌നങ്ങൾക്ക് അടിസ്‌ഥാനം സോഷ്യലിസത്തെയും മതേതരത്വത്തെയും കുറിച്ചുള്ള പ്രത്യയശാസ്‌ത്രങ്ങളാണ്. അവരുടെ ഉപയോഗശൂന്യമായ നിലപാടുകൾ രാജ്യത്തെ അസ്‌ഥിരതക്ക് കാരണമായി. മുസ്‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും അതിക്രമങ്ങൾ ഉറപ്പാക്കിയ മതേതരത്വം ഹിന്ദുക്കളെ വൻതോതിൽ ബാധിച്ചു. ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ അവരുടെ ആത്‌മാഭിമാനവും അന്തസും നഷ്‌ടപ്പെടുത്തി; അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ സംസ്‌കാരത്തിന് തീർത്തും അന്യമായ മതനിരപേക്ഷ സാമൂഹിക നിലപാട് സ്വീകരിച്ച കോൺഗ്രസ് ആണ് എല്ലാ ക്രമക്കേടുകൾക്കും ഉത്തരവാദി. ഈ രണ്ട് ആശയങ്ങൾക്കും രാജ്യത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഭാരതമായി തുടരണമെങ്കില്‍ പൂര്‍ണമായും ഒരു ഹിന്ദു രാജ്യമാകണം. ഒരു ഹിന്ദു മതം മാറുന്നതിലൂടെ ഹിന്ദുക്കളുടെ എണ്ണം കുറക്കുക മാത്രമല്ല, ഹിന്ദുക്കളുടെ ശത്രുക്കളുടെ എണ്ണം കൂട്ടുകയും ചെയ്യുമെന്നും സൂര്യ അവകാശപ്പെട്ടു.
Most Read: ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ