ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്‌നിപഥിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പലയിടത്തും അക്രമാസക്‌തമാവുകയും ചെയ്‌ത സാഹചര്യത്തിൽ സമാധാനപൂർവം പ്രക്ഷോഭം നടത്തണമെന്ന് യുവാക്കളോട് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആശുപത്രിയിൽ വച്ച് രാജ്യത്തെ യുവാക്കൾക്ക് എഴുതിയ തുറന്ന കത്തിലാണ് സോണിയ അഭ്യർഥന നടത്തിയത്.
“അഹിംസാത്‌മകമായ രീതിയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിങ്ങളോടൊപ്പമുണ്ട്,”- സോണിയ കത്തിൽ പറഞ്ഞു.
“നിങ്ങളുടെ ശബ്‌ദം അവഗണിച്ച് സർക്കാർ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി പ്രഖ്യാപിച്ചതിൽ എനിക്ക് നിരാശയുണ്ട്. പല വിമുക്‌തഭടൻമാരും പുതിയ പദ്ധതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്,”- പാർട്ടി നേതാവ് ജയറാം ട്വിറ്ററിൽ പങ്കുവച്ച സോണിയയുടെ തുറന്ന കത്തിൽ പറയുന്നു.
” ഈ പദ്ധതിക്ക് എതിരെ നിങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്‌തമായി നിലകൊള്ളും. ഒരു യഥാർഥ രാജ്യസ്‌നേഹി എന്ന നിലയിൽ ഈ പദ്ധതിക്ക് എതിരെ അക്രമം കൂടാതെ സമാധാനപരമായും ക്ഷമയോടെയും സമരം ചെയ്യും,”- സോണിയ കൂട്ടിച്ചേർത്തു.
देश के युवाओं के नाम @INCIndia अध्यक्ष श्रीमती सोनिया गांधी की तरफ से संदेश। pic.twitter.com/K7BYcnNODw
— Jairam Ramesh (@Jairam_Ramesh) June 18, 2022
Most Read: അഗ്‌നിപഥ്; കേരളത്തിലും പ്രതിഷേധം- രാജ്ഭവനിലേക്ക് ഉദ്യോഗാർഥികളുടെ മാർച്ച്







































