തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെഎംഎസ്സിഎല് നിയോഗിച്ചു. ആദ്യ ഘട്ടമായി 9 മെഡിക്കല്‍ കോളേജുകളിലെ കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു.
ഡോക്ടർമാര്‍ക്ക് ജനറിക് മരുന്നുകള്‍ എഴുതാനാണ് നിർദ്ദേശമുള്ളത്. എന്നാല്‍ ഡോക്ടർമാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതുമ്പോള്‍ അത് പലപ്പോഴും കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമാകില്ല. ഡോക്ടർമാര്‍ പുതുതായി എഴുതുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ തിരിച്ചറിയാനും പുതിയ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനുമാണ് ഇവരെ പ്രത്യേകമായി നിയോഗിച്ചത്.
പേവിഷബാധക്ക് എതിരായ 16,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ളോബുലിന് ലഭ്യമാക്കിയിട്ടുണ്ട്. 44,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ളോബുലിന് അടുത്തയാഴ്ചയെത്തും. ഇതുകൂടാതെ 20,000 വയല്‍ ആന്റി റാബിസ് ഇമ്മിണോഗ്ളോബുലിന് അധികമായി വാങ്ങും. നായകളിൽ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിന് എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വർധന ഉണ്ടായ സാഹചര്യത്തിലും ഇനിയും കൂടാന്‍ സാധ്യതയുള്ളതിലുമാണ് അധികമായി വാക്സിന് ശേഖരിക്കുന്നത്.
Most Read: ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി