പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെമുതൽ മുതൽ 15ആം തീയതി വരെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി.
തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണിത്. ജനുവരി 12ന് 60,000 13ന് 50,000 14ന് 40,000 പേർ എന്ന രീതിയിൽ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്ത് എത്തുന്ന ഭക്‌തരെ ദർശനത്തിന് ശേഷം അവിടെ തങ്ങാൻ അനുവദിക്കില്ല. ജനുവരി 14നാണ് മകരവിളക്ക്.
ഭക്‌തർ മകരജ്യോതി ദർശിക്കാനായി പൂങ്കാവനത്തിൽ കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്‌ക്കലിൽ പരിശോധന നടത്തിയ ശേഷമാകും ഭക്‌തരെ പമ്പയിലേക്ക് കടത്തിവിടുക.
ജനുവരി 12ന് ഉച്ചയ്‌ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം അയിരൂർ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14ന് ശബരിമലയിൽ എത്തും. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39,02,610 ഭക്‌തർ ഈ ഉൽസവ കാലത്ത് ശബരിമല സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേസമയം എത്തിയത് 35,12,691 പേരാണ്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ