തിരുവനന്തപുരം: ഫോണ്‍ കെണിയിൽ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന് ജീവനൊടുക്കിയ കുട്ടികളുടെ വീടുകള്‍ സന്ദർശിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സുരേഷ് പറഞ്ഞു.
പെരിങ്ങമല, വിതുര പഞ്ചായത്തുകളിൽപ്പെട്ട ആദിവാസി ഊരുകളിലാണ് ഫോണ്‍ വഴി പരിചയപ്പെട്ടവരുമായുള്ള പ്രണയം തകർന്നതോടെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. അഞ്ച് മാസത്തിനിടെ കൗമാരക്കായ അഞ്ച് പെണ്‍കുട്ടികളാണ് ഊരുകളിൽ ജീവനൊടുക്കിയത്.
അതേസമയം സംഭവത്തിൽ അന്വേഷണം കാര്യക്ഷമമായി നടക്കാത്തത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ്, എക്സൈസ് വകുപ്പുകള്‍ അന്വേഷണം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പെണ്‍കുട്ടിയുടെ വീടുകള്‍ സന്ദർശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി. സർക്കാരിനും ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് റിപ്പോർട് നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും, ഊരുക്കൂട്ടങ്ങള്‍ വഴിയും കൗണ്‍സിലിംഗ് നടത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
നേരത്തെ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഊരുകള്‍ സന്ദർശിച്ചിരുന്നു. പെണ്‍കുട്ടികളെ കുരുക്കിൽ പെടുത്തുന്നതിന് പിന്നിൽ കഞ്ചാവ് സംഘങ്ങളാണെന്നും ആരോപണമുണ്ട്. പശ്ചാത്തലത്തിൽ പോലീസ് ഊരുകളിൽ നിരീക്ഷണം ശക്തമാക്കി.
Most Read: ഭാരത് ബയോടെക്കിന്റെ നേസല്‍ ബൂസ്റ്റര്‍ വാക്സിന് പരീക്ഷണത്തിന് അനുമതി








































