ദുബായ്: രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം. ദുബായ് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആശുപത്രികൾക്ക് സർക്കുലറും കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം നിലവിൽ വരും.
നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത എല്ലാ ശസ്‌ത്രക്രിയകളും നിർത്തിവെച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിക്കുന്നത്.ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കുന്നതിന്റെ ഭാഗമായാണ് ഡിഎച്ച്‌എ (Dubai Health Authority) ശസ്‌ത്രക്രിയകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അനസ്‌തേഷ്യയും ആഴത്തിലുള്ള മയക്കവും ആവശ്യമുള്ള ശസ്‌ത്രക്രിയകളാണ് നിർത്തി വെച്ചിരുന്നത്.
കഴിഞ്ഞ മാർച്ച് മുതലായിരുന്നു വിലക്ക്. 2020ൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ആശുപത്രികളിൽ സാധാരണ രോഗികളെ വിലക്കുകയും കോവിഡ് ചികിൽസ ആരംഭിക്കുകയും ചെയ്‌തു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികൾക്കായി ഫീൽഡ് ആശുപത്രികളും തുറന്നിരുന്നു. ശനിയാഴ്‌ച 2013 രോഗികളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
Also Read: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്







































