തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത് ലക്ഷം രൂപ കമ്മീഷനായി ലഭിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
18 കോടി ചെലവിട്ടാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമ്മിച്ചു നൽകിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ്
വ്യക്തമാക്കുന്നത്. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മീഷൻ ലഭിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതേസമയം വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ദർശിക്കും. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രെസൻറ് ആണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. ഈ പദ്ധതിക്കു വേണ്ടി ഇടനിലക്കാരി ആയിരുന്നപ്പോൾ ഒരു കോടി രൂപ കമ്മീഷൻ കിട്ടിയിരുന്നുവെന്ന് നേരത്തെ സ്വപ്ന സുരേഷ് എൻ.ഐ.എക്ക് മൊഴി നൽകിയിരുന്നു.
സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.







































