മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി രാജ്യവ്യാപകമായി നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നത് നാളെ ഏപ്രിൽ 15 വെള്ളിയാഴ്‌ചയിലാണ്. എസ്‌വൈഎസ്‍ റിലീഫ് ഡേയായി ആചരിക്കുന്ന നാളെ സംഘടനാ പ്രവർത്തകർ പള്ളികൾ, തെരുവുകൾ, കടകൾ, വീടുകൾ കേന്ദ്രീകരിച്ചു വിപുലമായ ഫണ്ട് ശേഖരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 11സോണുകളിലും 77സർക്കിളുകളിലും 636 യൂണിറ്റുകളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിനകത്തും പുറത്തും നിരവധി മേഖലയിൽ സ്വാന്തന പ്രവർത്തനങ്ങൾ നടത്തുന്ന എസ്‌വൈഎസ്‍ സ്വാന്തനം പ്രവർത്തകരാണ് ധനസമാഹരണ യജ്‌ഞത്തിന് നേതൃത്വം നൽകുന്നത്.
ഗുരുതരരോഗങ്ങളുമായി തിരുവനന്തപുരം ആർസിസിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായി പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രം, വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ദരിദ്ര രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നടത്തുന്ന ഭക്ഷണ വിതരണം എന്നിവയൊക്കെ സംഘടനയുടെ പ്രവർത്തന ഭാഗമാണ്.
വൃക്ക രോഗം, കരൾ രോഗം പോലുള്ള മാറാവ്യാധികൾ പിടിപെട്ട് നിത്യ രോഗികളായി കഴിയുന്ന പാവപ്പെട്ട ആളുകൾക്ക് നൽകുന്ന മെഡിക്കൽ കാർഡുകൾ, സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹത്തിൽനിന്നുള്ള സാധാരണ രോഗികൾക്കും പ്രയാസപ്പെടുന്നവർക്കുമുള്ള സാമ്പത്തിക സഹായം, താമസിക്കാൻ വീടില്ലാത്തവർക്ക് വേണ്ടി നിർമിക്കുന്ന ദാറുൽ ഖൈറുകൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന നിർവഹിക്കുന്നുണ്ട്.
Most Read: ചെന്നകേശവ ക്ഷേത്രത്തിലെ രഥോൽസവം; ഖുർആൻ പാരായണത്തോടെ ആരംഭിക്കാൻ അനുമതി