കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമല്ലെന്നും, ദുരന്തത്തിന്റെ നിജസ്‌ഥിതി കണ്ടെത്തണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയും നഗരസഭയും പോലീസ് മേധാവിയും കളക്‌ടറും പോർട്ട് ഓഫീസറും എതിർ കക്ഷികളാകും.
ജില്ലാ കളക്‌ടർ പ്രാഥമിക റിപ്പോർട് ഈ മാസം 12നകം നൽകണമെന്നും കോടതി നിർദ്ദേശം നൽകി. നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാവണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കണ്ടു കണ്ണടച്ചിരിക്കാൻ ആകില്ല. ഉത്തരവാദികളായ ഉദ്യോഗസ്‌ഥർ ആരൊക്കെയാണെന്നും കോടതി ചോദിച്ചു. കുട്ടികൾ അടക്കം 22 പേർ മരിച്ചത് ദാരുണമായ സംഭവമാണെന്നും കോടതി വ്യക്‌തമാക്കി.
അപകടം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം വ്യക്‌തമാണെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദ്ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറെ വർഷങ്ങൾക്ക് ശേഷം സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ മാത്രമാണ് ഇതെല്ലാം ഓർക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നും കോടതി ചോദിച്ചു. സംസ്‌ഥാനത്ത് നൂറുകണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്‌ഥയാണ്. എല്ലാതവണയും അന്വേഷണം പ്രഖ്യാപിക്കുന്നത് അല്ലാതെ ഒന്നും നടക്കാറില്ല. എന്നാൽ, ഈ സംഭവത്തിന്റെ മൂലകാരണം കണ്ടത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സംഭവത്തിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം, താനൂർ ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ് ആണ് സംഘത്തലവൻ. താനൂർ ഡിവൈഎസ്‌പി വിവി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. കൊണ്ടോട്ടി എഎസ്‌പി വിജയ ഭാരത് റെഡ്‌ഡി, താനൂർ സ്‌റ്റേഷൻ ഓഫീസർ ജീവൻ ജോർജ് എന്നിവരാണ് സംഘത്തിലുള്ളത്. ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്‌തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകി.
Most Read: 2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം