തിരുവനന്തപുരം: താനൂരിൽ ബോട്ടപകടത്തിൽ ഇനി കണ്ടെത്താൻ ഉള്ളത് ഒരാളെ മാത്രമെന്ന് പോലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്‌തതയില്ല. അഞ്ചുപേർ ടിക്കറ്റ് എടുത്തെങ്കിലും ബോട്ടിൽ കയറിയില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
ഇതുവരെ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരാണുള്ളത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. അഞ്ചുപേർ നീന്തിക്കയറിയതായും സ്‌ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്‌ടറുടെ അഭ്യർഥന പ്രകാരം ഇന്ത്യൻ നേവി സംഘം സ്‌ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. അപകടത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
അതേസമയം, കാണാതായവരെ കുറിച്ച് ജനം വിവരം അറിയിക്കണമെന്ന് ദുരന്ത സ്‌ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിൽ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര് ബോട്ടിൽ കയറിയെന്നോ വ്യക്‌തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും ബോട്ട് സർവീസുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ ബോട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്. കുമരകം, തട്ടേക്കാട്, തേക്കടി, മട്ടാഞ്ചേരി അപകടത്തിന് പിന്നാലെയാണ് മലപ്പുറം താനൂരിലും കഴിഞ്ഞ ദിവസം രാത്രി ദുരന്തസംഭവം ഉണ്ടായത്. കേരളത്തെ കണ്ണീർക്കടലാക്കുന്ന ഇത്തരം ബോട്ട് അപകടങ്ങളിൽ സുരക്ഷാ വീഴ്‌ച തന്നെയായിരുന്നു വില്ലനായി നിന്നത്. പല്ലന മുതൽ തേക്കടി വരെയുള്ള ലിസ്‌റ്റിലേക്കാണ് ഇന്നലത്തോടെ മലപ്പുറവും കയറിക്കൂടിയത്.
1924 ജനുവരി 24ന് ആണ് കൊല്ലത്തുനിന്ന് പുറപ്പെട്ട ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞു മഹാകവി കുമാരനാശാൻ അടക്കം 23 പേർ മരിച്ചത്. 95 പേർക്ക് കയറാവുന്ന ബോട്ടിൽ 151 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംസ്‌ഥാനത്തെ പ്രധാന ബോട്ടപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവമാണ്. 2002 ജൂലൈ 27ന് ആണ് കുമരകം ബോട്ടപകടം ഉണ്ടായത്. മുഹമ്മയിൽ നിന്ന് നിറയെ യാത്രക്കാരുമായി കുമാരകത്തേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് മുങ്ങിയത്. 15 സ്‌ത്രീകൾ അടക്കം 29 പേരാണ് അപകടത്തിൽ മരിച്ചത്. കായലിലെ മണൽത്തിട്ടയിൽ ഇടച്ചതായിരുന്നു അപകട കാരണം.
2007 ഫെബ്രുവരി മുപ്പത്തിനാണ് ഭൂതത്താൻ അണക്കെട്ടിന് സമീപം തട്ടേക്കാട് ബോട്ട് മുങ്ങി 18 പേർ മരിച്ചത്. അങ്കമാലിയിലെ ഒരു സ്‌കൂളിൽ നിന്നും വിനോദയാത്ര പോയവരാണ് അപകടത്തിൽപ്പെട്ടത്. 15 വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ മരിച്ചത്. ബോട്ടിന്റെ അടിഭാഗം ഇളകിയതായിരുന്നു അപകട കാരണം. അധിക യാത്രക്കാരെ കയറ്റിയതും അപകടത്തിന് കാരണമായി.
2009 സെപ്‌റ്റംബർ 30ന് ആണ് സംസ്‌ഥാനത്തെ ഏറ്റവും വലിയ ബോട്ടപകടം തേക്കടിയിൽ നടന്നത്. കെടിഡിസിയുടെ ജലകന്യക ബോട്ട് മറിഞ്ഞു 45 പേരാണ് അന്ന് മരിച്ചത്. 75 പേർ കയറേണ്ട ബോട്ടിൽ 97 പേരാണ് കയറിയിരുന്നത്. ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്‌ത്രീയ നിർമാണവുമെല്ലാം അപകട കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
2015ൽ ഫോർട്ട് കൊച്ചി-വൈപ്പിനിൽ ഉണ്ടായ ബോട്ടപകടത്തിൽ അന്ന് മരിച്ചത് 11 പേരായിരുന്നു. കൊച്ചി നഗരസഭയുടെ എംബി ഭാരത് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്രാബോട്ടിനെ സ്‌പീഡിലെത്തിയ വള്ളം ഇടിക്കുകയും ബോട്ട് തകരുകയുമായിരുന്നു. അന്നും ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.
Related News: താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം