താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം

രൂപ മാറ്റം വരുത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ചാണെന്നാണ് വിവരങ്ങൾ. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. അപകടത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്.

By Trainee Reporter, Malabar News
Boat Disaster Tanur

മലപ്പുറം: താനൂരിലെ തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്‌ത്രീകളുമാണ്. പരിക്കേറ്റ 9 പേർ ചികിൽസയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. മൂന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തിൽ പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ചു അനൗദ്യോഗിക തിരച്ചിൽ തുടരുകയായിരുന്നു. അതേസമയം, മരിച്ചവരുടെ പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. കോഴിക്കോട് നിന്നുള്ള ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തി. പത്ത് മണിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം.

അതിനിടെ, താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട്, മൽസ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം ഉയരുന്നത്. രൂപ മാറ്റം വരുത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ചാണെന്നാണ് വിവരങ്ങൾ. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. മീൻപിടിത്ത ബോട്ട് ഒരുകാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിന് മുമ്പാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. അപകടത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബോട്ടുടമ അപകടത്തിൽപ്പെട്ടവരുടെ ലിസ്‌റ്റും പോലീസിന് കൈമാറിയിട്ടില്ല. അറ്റ്‌ലാന്റിക് ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പോലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്‌ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ‌ രാവിലെ അപകടം നടന്ന താനൂരിൽ എത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനും അപകടസ്‍ഥലം സന്ദർശിക്കും.

Related News: താനൂർ ബോട്ട് ദുരന്തം; മൊബൈൽ ആപ്പിന് രൂപം കൊടുത്താൽ ആവർത്തിക്കാതിരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE