വായിലാക്കാൻ ശ്രമിച്ച മുതലയെ പേനാക്കത്തി കൊണ്ട് നേരിട്ട് 60കാരൻ. ഓസ്ട്രേലിയയിലെ നോർത്തേൺ കേപ് യോർക്കിലാണ് സംഭവം. ഹോപ്വാലിയിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു 60കാരൻ. നദിക്കരയിൽ നിന്ന കാളയെ ഓടിച്ച് വിട്ട് അത് നിന്ന സ്‌ഥലത്ത് നിന്ന് ചൂണ്ടയിടാൻ തയ്യാറെടുക്കുന്നതിനിടെ ആണ് വലിയ മുതലയെ കണ്ടത്. രക്ഷപ്പെടാൻ ശ്രമിക്കും മുൻപ് തന്നെ മുതല ആക്രമിച്ചു.
ചൂണ്ട ഉപയോഗിച്ച് മുതലയെ തിരിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും പാഴായി. പിന്നീട് അടുത്തുകണ്ട മരത്തിൽ അള്ളിപ്പിടിച്ച് കയറാൻ ശ്രമിച്ചു. അപ്പോഴും മുതല പിടിവിട്ടില്ല, ഇദ്ദേഹത്തെ മുതല വലിച്ച് വെള്ളത്തിലേക്ക് കുടഞ്ഞിട്ടു. ജീവൻ പോയേക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് അരയിൽ പേനാക്കത്തിയുള്ള കാര്യം ഓർത്തത്. ഉടൻ തന്നെ പേനാക്കത്തി ഉപയോഗിച്ച്, സർവശക്‌തിയുമെടുത്ത് ആക്രമിച്ചതോടെ മുതല കടി വിട്ടു വെള്ളത്തിലേക്ക് ഊളിയിട്ട് പോയി.
ജീവൻ തിരിച്ചുകിട്ടിയെങ്കിലും മുതലയുടെ കടിയേറ്റ അറുപതുകാരൻ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കുകളിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും ആക്രമണം മൂലം മാനസികമായി ആഘാതം ഉണ്ടായിട്ടുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു.
എന്നാൽ ഇത്തരമൊരു രക്ഷപ്പെടൽ അപൂർവമാണെന്ന് ക്വീൻസ്‌ലൻഡ് വനംവകുപ്പ് ഉദ്യോഗസ്‌ഥനായ മാറ്റ് ബ്രയാൻ പറഞ്ഞു. സാധാരണ ഗതിയിൽ ഇത്ര വലിപ്പമുള്ള ഒരു മുതലയുടെ പിടിയിൽ നിന്ന് ഒരാൾക്ക് ഒറ്റക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ‘കുറുപ്പ് ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും







































