വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി

By News Desk, Malabar News
Vaccine prize_australia
Ajwa Travels

കോവിഡ് പിടിമുറുക്കിയതോടെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് വാക്‌സിൻ നൽകാനുള്ള തിരക്കിലായിരുന്നു ലോകമെമ്പാടുമുള്ള അധികാരികൾ. വാക്‌സിൻ എടുക്കാൻ ആളുകൾ മടി കാണിച്ച് തുടങ്ങിയതോടെ പുതിയ ആശയങ്ങളാണ് പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ മുന്നോട്ട് വെച്ചത്. അതിൽ ഏറ്റവും വിജയം കണ്ട ഒന്നാണ് കോവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുക എന്നത്. സൗജന്യ ഗെയിം ടിക്കറ്റുകൾ, ബിയർ, സൗജന്യ ഭക്ഷണം എന്തിന് ലോട്ടറി ടിക്കറ്റുകൾ വരെയാണ് അധികാരികൾ വാഗ്‌ദാനം ചെയ്‌തത്‌.

ഇങ്ങനെ, വാക്‌സിൻ എടുക്കാനെത്തിയ ഓസ്‌ട്രേലിയയിലെ ജൊവാൻ ഷൂ എന്ന യുവതിയുടെ ജീവിതം ഒറ്റയടിക്കാണ് മാറിമറിഞ്ഞത്. ദ മില്യൺ ഡോളർ വാക്‌സ് അലയൻസ് ലോട്ടറിയുടെ ജേതാവായ ജൊവാന്റെ കൈകളിൽ എത്തിയത് ഏകദേശം 7.4 കോടി രൂപയാണ്. ഓസ്‌ട്രേലിയക്കാരെ വാക്‌സിൻ എടുപ്പിക്കാനുള്ള ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ ശ്രമമായിരുന്നു ഈ ലോട്ടറി പദ്ധതി.

മൂന്ന് ദശലക്ഷത്തോളം പേർ ഭാഗ്യ നറുക്കെടുപ്പിനായി തങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഭാഗ്യം തുണച്ചത് 25കാരി ജൊവാനെയാണ്. ആദ്യ ഡോസ് വാക്‌സിൻ എടുത്തതിന് പിന്നാലെയാണ് ജൊവാൻ ലോട്ടറിയ്‌ക്കായി പേര് നൽകിയത്. ലോട്ടറിയടിച്ച കാര്യം കമ്പനി അധികൃതർ ഫോണിൽ വിളിച്ചു പറയുമ്പോഴാണ് ജൊവാൻ അറിയുന്നത്. ജോലി തിരക്കായതിനാൽ ആദ്യം അവരുടെ കോൾ എടുക്കാൻ ജൊവാന് സാധിച്ചിരുന്നുമില്ല. വിവരമറിഞ്ഞതോടെ സ്വപ്‍നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു താനെന്ന് ജൊവാൻ പറയുന്നു.

കമ്പനിയിൽ നിന്ന് ചെക്ക് നേരിട്ടെത്തി കൈപറ്റിയതിന് പിന്നാലെ തന്റെ ആഗ്രഹങ്ങൾ ഓരോന്നായി പൊടിതട്ടിയെടുക്കുകയാണ് ജൊവാൻ. കുടുംബത്തോടൊപ്പം ഒരു ഫസ്‌റ്റ് ക്‌ളാസ്‌ വിമാന യാത്രയും, പുതുവൽസര ദിനത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവുമാണ് ആദ്യ ലക്ഷ്യം. കുടുംബാംഗങ്ങൾക്ക് സമ്മാനം വാങ്ങി നൽകും, ബാക്കിയുള്ള തുക ബാങ്കിലോ മറ്റെവിടെയെങ്കിലുമോ നിക്ഷേപിച്ച് ഇരട്ടിയാക്കുമെന്നും ജൊവാൻ ആവേശത്തോടെ പറയുന്നു. സഹായം ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും ജൊവാൻ താൽപര്യപെടുന്നുണ്ട്.

ജൊവാന് മാത്രമല്ല, വിവിധ ആളുകൾക്ക് 1000 ഡോളറിന്റെയും 100 ഡോളറിന്റെയും സമ്മാനങ്ങളും കമ്പനി നൽകിയിരുന്നു.

Also Read: കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം ഉയരും; ഉത്തരവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE