ന്യൂഡെൽഹി: രാജ്യത്ത് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
സംഘടനയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തമിഴർക്കായി പ്രത്യേക രാജ്യം രൂപീകരിക്കാനുള്ള ശ്രമം തമിഴ് തീവ്രവാദി സംഘം ഉപേക്ഷിച്ചിട്ടില്ലെന്നും പ്രാദേശികവും അന്തർദേശീയവുമായ തലത്തിൽ വീണ്ടും സംഘടിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൽടിടിഇയുടെ പരാജയത്തിന് ഇന്ത്യൻ സർക്കാരിനെ ഉത്തരവാദികളാക്കി ശ്രീലങ്കൻ തമിഴർക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രചരിക്കുന്നു. ഇന്റർനെറ്റിലൂടെയുള്ള അത്തരം പ്രചരണങ്ങൾ തുടരാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കും തുടങ്ങിയവയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം.
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് സംഘടനയുടെ നിരോധനം നീട്ടിയത്. എൽടിടിഇയുടെ തുടർച്ചയായ അക്രമണോൽസുകവും വിഘടനവാദപരവുമായ പ്രവർത്തനങ്ങൾ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും പറയുന്നു.
2009ൽ എൽടിടിഇയെ ശ്രീലങ്കൻ സൈന്യം പരാജയപ്പെടുത്തുകയും സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരൻ പോരാട്ടത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികൾ എൽടിടിഇ നിരോധനം നീക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി