തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങെന്ന് പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ് എന്നു പറയുന്നവര്‍ ഈ ഗവൺമെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സത്യപ്രതിജ്‌ഞാ ചടങ്ങിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും എകെ ബാലൻ കുറിച്ചു. എന്നാല്‍ കോവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിശാലമായ സ്‌ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്‌ഞ നടത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഗവൺമെന്റിന്റെ വരവില്‍ സന്തോഷമില്ലാത്ത ദോഷൈകദൃക്കുകളാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വസ്‌തുതകള്‍ മനസിലാക്കി ജനങ്ങൾ ഇവരുടെ ദുഷ്‌പ്രചാരണത്തെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Read Also: കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ