ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും, എല്ലാവരും ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണം. എല്ലാവരും മാസ്‌ക് ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ചൈനയിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ബിഎഫ്7 ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്‌ഥാനങ്ങൾ ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്‌സിനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്‌തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല. ചൈനയിൽ പടരുന്ന ബിഎഫ്7 വകഭേദമാണ് ഗുജറാത്തിലും ഒഡിഷയിലും സ്‌ഥിരീകരിച്ചത്. ജൂലൈ, സെപ്‌റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്‌ഥിരീകരിച്ചത്. ഗുജറാത്തിലെ രോഗികൾ സുഖം പ്രാപിച്ചുവെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് 10 കോവിഡ് വകഭേദങ്ങളാണ് ഉള്ളത്.
കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. അതിനിടെ, വിദേശത്ത് നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ഇന്നലെ മുതൽ തുടങ്ങിയിരുന്നു.
Most Read: ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി