മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ പേരിൽ മുന്നണി മാറിയ ചരിത്രം ലീഗിന് ഇല്ലെന്നും, പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്‌തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്‌തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്. അനുകൂലിക്കേണ്ടത് അനുകൂലിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്‌നം ഇല്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും, വി മുരളിധരനെയും പുകഴ്‌ത്തിയ അബ്‌ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായമാണ്. വഹാബ് വിശദീകരണം നൽകി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി അത് കൂടുതൽ ചർച്ച ചെയ്യേണ്ട അവശ്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇടക്കാലത്തെ അലംഭാവം വിഷയം സങ്കീർണമാക്കി. സർക്കാർ വരുത്തിയ വീഴ്‌ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണം. പ്രസ്‌താവനകൾ കൊണ്ടുമാത്രം ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ കരുത്ത് മുസ്‌ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. യുഡിഎഫിന്റെ കരുത്തായി ലീഗ് നിൽകുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്‌ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങൾ ഉണ്ടാകും. അതാണ് എൽഡിഎഫ് നടത്തിയത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. മതനിരപേക്ഷതക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Most Read: സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം