തിരുവനന്തപുരം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി പുനഃസംഘടനയിൽ നിന്ന് ഇന്ത്യൻ നാഷണൽ ലീഗിനെ (ഐഎൻഎൽ) പുറത്താക്കിയ നടപടി തിരുത്തണമെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. തീരുമാനം പുനഃപരിശോധിക്കാൻ എൽഡിഎഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്‌തി തീരുമാനിച്ചാല്‍ പാർടിയില്‍ ഐക്യമുണ്ടാകില്ല. അത് ആഗ്രഹിക്കുന്നവര്‍ മര്‍ക്കട മുഷ്‌ടി വെടിയണമെന്നും ദേശീയ നേതൃത്വത്തെ അംഗീകരിക്കാതെ ആര്‍ക്കും പാർടിയില്‍ സ്‌ഥാനമുണ്ടാകില്ലെന്നും കാസിം പറഞ്ഞു.
പാർടിയില്‍ ഐക്യം ഉണ്ടാവാതിരിക്കാൻ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. അബ്‌ദുൾ വഹാബ് പക്ഷത്തിന് വേണമെങ്കിൽ ദേശീയ നേതൃത്വത്തിന് അപ്പീല്‍ നല്‍കി പാർടിയിലേക്ക് തിരിച്ചുവരാം. പക്ഷെ ദേശീയ പ്രസിഡണ്ടിനെ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
താന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറണമെന്നത് ചിലരുടെ ബാലിശമായ താല്‍പര്യങ്ങളാണ്. അത്തരം മോഹങ്ങള്‍ക്ക് നിന്നു കൊടുക്കാന്‍ പറ്റില്ല. പാർടിയിലെ ഭിന്നത കൊണ്ടാണ് ഹജ്‌ജ് കമ്മിറ്റിയില്‍ നിന്ന് ഐഎൻഎല്ലിനെ ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നില്ല. തീരുമാനം തിരുത്താന്‍ ആവശ്യപ്പെടും. എല്‍ഡിഎഫിലെ അംഗത്വം വലിയ കാര്യമാണ്. പാർടിയിലെ സമവായ ചര്‍ച്ചകള്‍ അടഞ്ഞിട്ടില്ല; കാസിം കൂട്ടിച്ചേർത്തു.
Most Read: കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്ക് പിന്തുണ; പുതിയ താരിഫ് നയവുമായി റെഗുലേറ്ററി കമ്മീഷൻ