കാസർഗോഡ്: നീലേശ്വരം കോട്ടപ്പുറം- അച്ചാംതുരുത്തി റോഡിൽ കാലപ്പഴക്കത്താൽ നശിച്ച ഹമ്പുകൾ പുനഃസ്‌ഥാപിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള പ്രദേശത്ത് ഇപ്പോൾ അപകടഭീഷണി ഉയർന്നിരിക്കുകയാണ്.
കോട്ടപ്പുറം-അച്ചാംതുരുത്തി പാലം തുറന്നതോടെ വാഹനങ്ങളുടെ എണ്ണംകൂടി. മരം കയറ്റിപ്പോകുന്ന ലോറികളുൾപ്പെടെ രാപകൽ ഭേദമില്ലാതെ സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഒൻപതുവർഷം മുൻപ് റോഡ് നവീകരിച്ചപ്പോഴാണ് ഹമ്പുകൾ സ്‌ഥാപിച്ചിരുന്നത്. കോട്ടപ്പുറം-അച്ചാംതുരുത്തി പാലം വന്നതോടെ അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ അധികൃതരുടെ കണ്ണുവെട്ടിക്കാനാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. നാട്ടുകാർ ഈ സംഭവം പോലീസിന്റെയും ആർടിഒയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിലൂടെ അതിവേഗത്തിലുള്ള വാഹനങ്ങളുടെ ഓട്ടംകാരണം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കുറച്ചുകാലത്തിനുള്ളിൽ ലോറിയിടിച്ച് രണ്ട് സംഭവങ്ങളിലായി ഒരു കുട്ടിയുടേത് ഉൾപ്പടെ രണ്ടുജീവനുകളാണ് ഈ റോഡിൽ പൊലിഞ്ഞത്. നീലേശ്വരം മാർക്കറ്റ് മുതൽ കോട്ടപ്പുറം പാലം വരെ നാല് റബർ ഹമ്പുകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവനും വലിയ ലോറികൾ പോകുന്നത് കാരണം നശിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.
Also Read: ചില്ലറ വിപണിയിൽ കുറയാതെ പച്ചക്കറിവില; സർക്കാർ ഇടപെടലിൽ പ്രതീക്ഷ





































