ന്യൂഡെൽഹി: ലോക്ക്ഡൗൺ നീട്ടിയതോടെ ഡെൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു പേർ മരിച്ചു.
ഒരു വർഷം മുൻപ് രാജ്യം അടച്ചിട്ടപ്പോൾ കണ്ട കൂട്ട പലായനത്തിന്റെ ദാരുണ ദൃശ്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ഡെൽഹിയിൽ. കൈയിൽ കിട്ടുന്നതെല്ലാം വാരിക്കൂട്ടി മടങ്ങുകയാണ് കുടിയേറ്റ തൊഴിലാളികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തുടങ്ങിയ പ്രയാണം ഇപ്പോഴും തുടരുകയാണ്.
ലോക്ക്ഡൗൺ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം നൽകാൻ മതിയാകുന്നില്ല. കഴിഞ്ഞ തവണ കിലോമീറ്ററുകളുടെ ദുരിത ദൂരം നടന്നു തീർത്ത തൊഴിലാളികൾ ഇത്തവണ അതിർത്തികൾ അടക്കും മുൻപ് നേരത്തെ തന്നെ സ്വന്തം മണ്ണിലേക്ക് മടങ്ങുകയാണ്.
ഡെൽഹിയിൽ ആറ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
Read Also: കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്ജിദ് വിട്ടു നൽകി






































