കൽപ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അപകട വിവരമറിഞ്ഞ് കൽപ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എന്നാൽ, അപകടത്തിലെ ദുരൂഹത നീങ്ങിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. നാലംഗ സംഘമാണ് കാട്ടുപന്നിയെ ഓടിക്കാൻ പോയത്. ഇതിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും മറ്റൊരാൾക്ക് വെടിയേറ്റിട്ടുമുണ്ട്.
കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയൻ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനാണ് (27) ഗുരുതരമായി പരിക്കേറ്റത്. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇവരെ കൂടാതെ കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ശരണിന്റെ ഉടമസ്‌ഥതയിലുള്ള വയലിൽ പന്നിയിറങ്ങുന്നത് തടയാനാണ് നാലംഗ സംഘം തിങ്കളാഴ്‌ച രാത്രി എട്ടരയോട് സംഭവസ്‌ഥലത്ത് എത്തിയത്.
തുടർന്ന് പത്തരയോടെ വെടിയൊച്ച കേട്ടതിന് പിന്നാലെ കൂട്ടത്തിലെ ജയൻ നിലത്ത് വീഴുന്നത് കണ്ടുവെന്നാണ് സംഘത്തിൽ ഉള്ളവർ പോലീസിൽ നൽകിയ മൊഴി. ജയന്റെ കഴുത്തിലും ശരണിന്റെ കൈക്കും ചുണ്ടിലുമാണ് വെടിയേറ്റത്. മറ്റാരെങ്കിലും വെടിവെച്ചതാണോ അതോ ജയന്റെയും സംഘത്തിന്റെയും കൈവശം തോക്ക് ഉണ്ടായിരുന്നോ എന്ന കാര്യങ്ങളിൽ ഇതുവരെ പൊലീസിന് വ്യക്‌തത വരുത്താനായിട്ടില്ല. സംഭവത്തിൽ ആരെയും ഇതുവരെ കസ്‌റ്റഡിയിൽ എടുത്തിട്ടില്ലെന്നും തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും ഡിവൈഎസ്‌പി സുനിൽ പറഞ്ഞു.
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ജയന്റെ മരണം സ്‌ഥിരീകരിച്ചത്. അതേസമയം, വണ്ടിയാമ്പറ്റ പ്രദേശത്ത് തോക്ക് ഉപയോഗിക്കുന്നവർ ആരുമില്ലെന്നാണ് നാട്ടുകാരിൽ നിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. സംഭവസ്‌ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിഭാഗം എത്തിയാണ് തെളിവെടുപ്പുകൾ നടത്തിയത്. സംഭവത്തിലെ ദുരൂഹതകൾ നീക്കുന്നതിനായി വരും ദിവസങ്ങളിലും അന്വേഷണ ഊർജിതമാക്കും. വനംവകുപ്പും സംഭവസ്‌ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രിയയാണ് ജയന്റെ ഭാര്യ. നിയ, ദിയ എന്നിവർ മക്കളാണ്.
Most Read: ജലനിരപ്പ് കൂടി; ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു