കോഴിക്കോട്: ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. തേജക്ക് അനക്കമില്ലെന്ന് ഭർത്താവ് ജിനു തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്.
തുടർന്ന് വീട്ടുകാർ മുറിയിൽ കയറി പരിശോധിച്ചപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കട്ടിലിനോട് ചേർന്ന ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് പരിശോധന തുടങ്ങി.
ഇൻക്വസ്റ്റ് നടപടികൾക്കായി തഹസിദാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് പഠിക്കുകയായിരുന്നു തേജ. മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റേയും ജിഷിയുടെയും മകളാണ്. കഴിഞ്ഞ ഒമ്പതിനാണ് ഇരുവരുടെയും വിവാഹം നടന്നത്.
Most Read: യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ







































