കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വിന്റി ട്വിന്റിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇന്നറിയാം. ഇതിന് മുന്നോടിയായി ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എറണാകുളത്തെ കിഴക്കമ്പലത്തെത്തി. ട്വിന്റി ട്വിന്റി ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അദ്ദേഹം സന്ദർശിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വിന്റി ട്വിന്റിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ കെജ്രിവാൾ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ കിഴക്കമ്പലം ട്വന്റി-20 അനുഭാവികളോട് വോട്ടഭ്യർഥിച്ച് എൽഡിഎഫ് രംഗത്തെത്തിയിരുന്നു. ട്വന്റി-20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർഥിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.
വോട്ടഭ്യർഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്. അതേസമയം, തൃക്കാക്കരയിൽ എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ആം ആദ്മിയും ട്വന്റി-20യും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തിൽ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.
തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നൽകും. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയിൽ എത്തിയ കെജ്രിവാളുമായി സാബു ജേക്കബ് ചർച്ച നടത്തിയിരുന്നു. കൊച്ചിയിൽ ആം ആദ്മി നേതാക്കളുമായി രാവിലെ കെജ്രിവാൾ ചർച്ച നടത്തി. സംസ്ഥാനത്ത് പാർട്ടി വളർത്താൻ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട് കെജ്രിവാളിന് മുന്നിൽ നേതാക്കൾ അവതരിപ്പിച്ചു.
പാർട്ടിയുടെ തുടർ നയങ്ങൾ തീരുമാനിക്കുന്നതിൽ കെജ്രിവാളിന്റെ നിലപാട് അന്തിമമാകും. 5 മണിക്ക് കിറ്റക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയിൽ കെജ്രിവാൾ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തിൽ കെജ്രിവാൾ ഡെൽഹിക്ക് മടങ്ങും.
Most Read: ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി







































