തിരുവനന്തപുരം: ബഫര്‍സോണിൽ തിരുത്തലിന് സംസ്‌ഥാന സർക്കാർ നീക്കം തുടങ്ങി. സംരക്ഷിത മേഖല ഒരു കിലോമീറ്റർ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറെന്ന് വനംമന്ത്രി നിയമസഭയിൽ അറിയിച്ചു. സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി നൽകാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്‌തമാക്കി.
അതേസമയം, ബഫര്‍സോണിൽ സംസ്‌ഥാന സർക്കാരിനെതിരെ കെസിബിസി രംഗത്ത് വന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്‌മാർഥത സംശയാസ്‌പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.
ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിർണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്‌ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്‌തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ സർക്കാർ ഇടപെടണമെന്നാണ് കെസിബിസി ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് ആശങ്കാജനകമാണ്. കർഷകരുടെ ആവശ്യങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കർഷകർ കുടിയിറങ്ങാൻ നിർബന്ധിതരാകും. കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും കർഷകരുടെ പക്ഷത്തു നിന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കെസിബിസി ആവശ്യപ്പെടുന്നു.
Most Read: വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; വ്‌ളോഗറെ അറസ്‌റ്റ് ചെയ്യാൻ വനംവകുപ്പ്








































