ന്യൂഡെൽഹി: അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹർഷ് വർധൻ പ്രസ്‌താവന പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
“രാവും പകലും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഡോക്‌ടർമാർ അവിശ്വസനീയമായ പ്രവർത്തനമാണ് കാഴ്‌ച വെക്കുന്നത്. കോവിഡ് പോരാളികളോട് അനാദരവ് കാട്ടിയ ബാബ രാംദേവ് രാജ്യത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി,”- ഹർഷ് വർധൻ ട്വീറ്റ് ചെയ്‌തു.
“അദ്ദേഹത്തിന്റെ ആക്ഷേപകരമായ പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയിട്ടുണ്ട്,”- ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
संपूर्ण देशवासियों के लिए #COVID19 के खिलाफ़ दिन-रात युद्धरत डॉक्टर व अन्य स्वास्थ्यकर्मी देवतुल्य हैं।
बाबा @yogrishiramdev जी के वक्तव्य ने कोरोना योद्धाओं का निरादर कर,देशभर की भावनाओं को गहरी ठेस पहुंचाई।
मैंने उन्हें पत्र लिखकर अपना आपत्तिजनक वक्तव्य वापस लेने को कहा है। pic.twitter.com/QBXCdaRQb1
— Dr Harsh Vardhan (@drharshvardhan) May 23, 2021
അലോപ്പതി ഒരു മുടന്തൻ ശാസ്‌ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജൻ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് അലോപ്പതി ചികിൽസയിലൂടെയാണ് ലക്ഷങ്ങൾ മരിക്കുന്നതെന്നും ആയിരുന്നു ബാബ രാംദേവിന്റെ ആരോപണം. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് രാംദേവിന്റെ അശാസ്‌ത്രീയമായ പ്രസ്‌താവനക്കെതിരെ ഐഎംഎ രംഗത്ത് വന്നത്.
അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്‌താവന തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്ന തരത്തിലാണെന്നും ഇയാൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ വാർത്താ കുറിപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐഎംഎ പറഞ്ഞിരുന്നു.
ഇതിന് ശേഷം രാംദേവിന് ഐഎംഎ ലീഗൽ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. ഡ്രഗ്‌സ് കൺട്രോളർ ജനറലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും വെല്ലുവിളിക്കുന്നതും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നതുമാണ് ഈ വീഡിയോയെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
Also Read: കെഎസ്‍യു സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; കെഎം അഭിജിത്ത്







































