ന്യൂഡെൽഹി: നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്തുമെന്ന് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ്. എന്ത് ത്യാഗം സഹിച്ചും സിദ്ദുവിന്റെ വിജയം തടയുമെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും രാജി വച്ചതിന് ശേഷമാണ് അമരീന്ദർ സിംഗിന്റെ പ്രസ്‌താവന.
‘പല്ലും നഖവും’ ഉപയോഗിച്ച് നവജ്യോത് സിദ്ദുവിന്റെ ഉയർച്ചക്കെതിരെ പോരാടുമെന്നും “അത്തരമൊരു അപകടകാരിയായ മനുഷ്യനിൽ” നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ തോൽവി ഉറപ്പുവരുത്താൻ ശക്‌തനായ സ്‌ഥാനാർഥിയെ നിർത്തും,”- അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്‌ട്രീയ സാധ്യതകൾ തുറന്നിട്ടുണ്ടെന്നും ഭാവി പ്രവർത്തനത്തെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളുമായി സംസാരിക്കുകയാണെന്നും അമരീന്ദർ പറഞ്ഞു. പ്രായം ഒന്നിനുമൊരു തടസമല്ല, നിങ്ങൾക്ക് 40ലും 80ലും ചെറുപ്പമാകാം. സോണിയ ഗാന്ധി എന്നോട് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ സ്‌ഥാനം ഒഴിയുമായിരുന്നു. ഒരു പട്ടാളക്കാരൻ എന്ന നിലയിൽ എന്റെ ജോലി എങ്ങനെ ചെയ്യണമെന്ന് എനിക്ക് അറിയാം; അദ്ദേഹം പറഞ്ഞു.
“ഞാൻ എംഎൽഎമാരെ ഗോവയിലേക്കോ മറ്റെവിടേക്കെങ്കിലുമോ വിമാനത്തിൽ കൊണ്ടു പോകുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഗിമ്മിക്കുകൾ ചെയ്യാറില്ല, അത് എന്റെ വഴിയല്ലെന്ന് ഗാന്ധി സഹോദരങ്ങൾക്ക് അറിയാം. പ്രിയങ്കയും രാഹുലും എന്റെ കുട്ടികളെപ്പോലെയാണ്. ഇത് ഇങ്ങനെ അവസാനിക്കാൻ പാടില്ലായിരുന്നു. എനിക്കതിൽ വേദനയുണ്ട് “- അദ്ദേഹം പറഞ്ഞു.
‘ഗാന്ധി കുട്ടികൾ’ തികച്ചും അനുഭവ പരിചയമില്ലാത്തവരാണെന്നും ഉപദേശകർ അവരെ തെറ്റിദ്ധരിപ്പിക്കുക ആണെന്നും അമരീന്ദർ സിംഗ് പറഞ്ഞു. പുതിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ അധികാരത്തിൽ സിദ്ദുവിന്റെ പ്രത്യക്ഷമായ “ഇടപെടലിനെ” സിംഗ് വിമർശിച്ചു, സ്വന്തം മന്ത്രിസഭ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരാൾ മന്ത്രിസഭയെ നിയന്ത്രിക്കുന്നത് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
“സിദ്ദു സൂപ്പർ മുഖ്യമന്ത്രിയായി പെരുമാറിയാൽ പാർടി നല്ല രീതിയിൽ പ്രവർത്തിക്കില്ല. ഈ നാടക മാസ്‌റ്ററുടെ നേതൃത്വത്തിൽ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇരട്ട അക്കത്തിൽ എത്താൻ കഴിഞ്ഞാൽ അത് വലിയ കാര്യമാണ്,”- അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
Most Read: ‘ഒരു സീറ്റില്‍ ഒരു കുട്ടി’; വിദ്യാര്‍ഥികളുടെ യാത്രയ്‌ക്ക് മാര്‍ഗരേഖ തയ്യാർ