ന്യൂഡെല്‍ഹി: വാഹനാപകട കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു കീഴടങ്ങി. പഞ്ചാബിലെ പട്യാല കോടതിയിലാണ് കീഴടങ്ങിയത്.
കീഴടങ്ങാനായി നവ്ജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കീഴടങ്ങാന്‍ സമയം വേണമെന്നായിരുന്നു സിദ്ദു സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സിദ്ദുവിന്റെ അപേക്ഷ അടിയന്തരമായി കേള്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് വിസമ്മതിച്ചതോടെയാണ് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലാതെ സിദ്ദു വിചാരണ കോടതിക്ക് മുന്നില്‍ ഹാജരായത്.
കഴിഞ്ഞ ദിവസമാണ് കേസില്‍ സുപ്രീം കോടതി സിദ്ദുവിനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. കാര്‍ പാര്‍ക്കിങ്ങിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ 1988ല്‍ ഗുര്‍ണാം സിങ് എന്നയാളെ ആക്രമിച്ച കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നേരത്തേ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്.
2018ല്‍ 1000 രൂപ മാത്രം പിഴ വിധിച്ച് ശിക്ഷ ഇളവുചെയ്‌ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് ഒരു വര്‍ഷം തടവുകൂടി വിധിച്ചത്.
Most Read: ഗ്യാൻവാപി മസ്ജിദ്; നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രീം കോടതി