മുംബൈ: മഹാരാഷ്ട്രയില്‍ വാക്സിൻ ലഭ്യതക്കുറവ് ഉണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി നവാബ് മാലിക്. 12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്സിനായി കാത്തു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം ഡോസ് വാക്സിന് എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു കോടി ഡോസ് വാക്സിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും നവാബ് മാലിക് പറഞ്ഞു.
സംസ്ഥാനത്ത് വലിയ തോതിൽ ഓക്സിജന്‍ പ്ളാന്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്നും നവാബ് മാലിക് ആവശ്യപ്പെട്ടു. അതനുസരിച്ച് കമ്പനികള്‍ക്ക് ഓക്സിജന്‍ പ്ളാന്റുകൾ നിർമിക്കാനുള്ള സാമ്പത്തിക സഹായം സംസ്ഥാനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദേശത്തു നിന്നും വാക്സിൻ നേരിട്ട് വാങ്ങാൻ ചില സംസ്ഥാനങ്ങൾ ആലോചന നടത്തുന്നുണ്ട്. കര്‍ണാടകയാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്.
Also Read: കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്







































