കൊച്ചി: കോവിഡ് വ്യാപനത്തിന് ശേഷമുള്ള മലയാള സിനിമകളുടെ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്. പ്രിയദർശൻ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയാകും.
റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയേറ്ററുകള്‍ നല്‍കണമെന്നത് അടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തിയേറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയേറ്ററുകളില്‍ മരക്കാർ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച മുതലാണ് മലയാള സിനിമകള്‍ തിയേറ്ററിലേക്ക് എത്തിതുടങ്ങിയത്.
ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തിയേറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്കിയാല് സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടി വരുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് സർക്കാർ