കൊച്ചി : ജനുവരി 5ആം തീയതി മുതല്‍ സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ നിരവധി തവണ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിച്ചാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുകയുള്ളൂ എന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്‌തമാക്കുന്നത്.
നാളെ മുതലാണ് നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ഇളവുകള്‍ നല്‍കാത്ത സാഹചര്യത്തില്‍ 50 ശതമാനം ആളുകളെ വച്ച് തീയേറ്ററുകള്‍ തുറക്കുന്നത് വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് ഉടമകള്‍ വ്യക്‌തമാക്കുന്നത്. സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി നാളെ ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും.
തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്നേ ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വാക്ക് പാലിച്ചില്ലെന്ന് ഫിലിം ചേംബര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കാനായി ഫിലിം ചേംബറും മറ്റന്നാള്‍ യോഗം ചേരും.
Read also : കൃഷ്‌ണകുമാറിന്റെ വീടിന് നേരെയുണ്ടായ അക്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍







































