കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കിയിട്ടും ഹോട്ടലുകളുടെ അനാസ്ഥകൾ തുടരുന്നു. എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് മസാലദോശയിൽ തേരട്ടയെ കിട്ടിയെന്നാണ് പരാതി. പറവൂർ നഗരത്തിൽ പ്രവർത്തിക്കുന്ന വസന്ത വിഹാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് തേരട്ടയെ കിട്ടിയത്. ഇതോടെ, മുനിസിപ്പൽ ആരോഗ്യവിഭാഗം ഇടപെട്ട് ഹോട്ടൽ പൂട്ടിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുന്നുകര മാഞ്ഞാലി തേലത്തുരുത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ദുരനുഭവം ഉണ്ടായത്. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്ത് ഹോട്ടലിൽ നല്ല തിരക്കായിരുന്നു. തുടർന്ന്, പരാതി ഉയർന്നതോടെ നഗരസഭാ ആരോഗ്യവിഭാഗം വിഷയത്തിൽ ഇടപെടുകയായിരുന്നു.
നഗരസഭ ജെഎച്ച്ഐ ധന്യയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം എത്തി ഹോട്ടലിൽ പരിശോധന നടത്തി. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പടെ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ, ഹോട്ടൽ പൂട്ടുകയായിരുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ വീഴ്ചകൾ തുടരുന്നതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിലെ ഭക്ഷ്യസാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ, വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ച 106 പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. ജനുവരി 16ന് ഹോട്ടലിൽ നിന്ന് കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം ‘സാൽമൊണല്ലോസിസ്’ എന്ന ബാക്ടീരിയ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
Most Read: ചരിത്രം സൃഷ്ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ








































