ചരിത്രം സൃഷ്‌ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ

രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളിൽ ഒന്നായ ഈ പ്രസ്‌ഥാനം ലോക ശ്രദ്ധയാകർഷിച്ച വനിതാ സംഘ ശക്‌തിയാണ്. ജനകീയാസൂത്രണത്തിന് പിന്നാലെയാണ് കുടുംബശ്രീയുടെ പിറവി. ദാരിദ്യ്ര നിർമാർജനവും സ്‌ത്രീശാക്‌തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17ന് തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌ക്കരിച്ച സംവിധാനമാണ് കുടുംബശ്രീ.

By Trainee Reporter, Malabar News
kudumbashree
Rep.Image

തിരുവനന്തപുരം: രജത ജൂബിലി ആഘോഷ നിറവിൽ വനിതാ കൂട്ടായ്‌മയായ കുടുംബശ്രീ. മെയ് 17ന് നടക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് കുടുംബശ്രീയുടെ അയൽക്കൂട്ട സംഗമം നടക്കും. രാജ്യത്ത് തന്നെ ആദ്യമായി 46 ലക്ഷത്തിലേറെ കുടുംബശ്രീ വനിതകൾ പങ്കെടുക്കുന്ന ‘ചുവട് 2023′ മഹാസംഗമം സംസ്‌ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ റിപ്പബ്ളിക് ദിനത്തിൽ അരങ്ങേറും.

ആയിരത്തോളം സംഗമ ഗാനങ്ങളും തയ്യാറായി. കുടുംബശ്രീ കുടുംബങ്ങളിൽ നിന്ന് പിറവിയെടുത്ത ഗാനങ്ങളിൽ സംഘ ശക്‌തിയും ചരിത്രവും പ്രാദേശിക വികസനവുമെല്ലാം അലയടിക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗമത്തിൽ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാ അംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്‌സ് സ്‌കൂൾ വിദ്യാർഥികൾ, ട്രാൻസ്‌ജെൻഡർ അയൽക്കൂട്ട അംഗങ്ങൾ എന്നിവരും പങ്കെടുക്കും.

തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഉൾപ്പടെ വിവിധ വകുപ്പുകളിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തുടങ്ങിയവർ അയൽക്കൂട്ട സംഗമത്തിൽ പങ്കെടുക്കും. 25 വർഷത്തെ പ്രവർത്തന അനുഭവങ്ങളുടെ അടിസ്‌ഥാനത്തിൽ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്‌ടിച്ച മാറ്റങ്ങൾ, ആരോഗ്യം, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

കുടുംബശ്രീ; പിറവിയും ചരിത്രവും

കേരളത്തിലെ സ്‌ത്രീ കൂട്ടായ്‌മയുടെ മഹാപ്രസ്‌ഥാനമായ കുടുംബശ്രീ കാൽനൂറ്റാണ്ടിന്റെ നിറവിലാണ്. രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളിൽ ഒന്നായ ഈ പ്രസ്‌ഥാനം ലോക ശ്രദ്ധയാകർഷിച്ച വനിതാ സംഘ ശക്‌തിയാണ്. ജനകീയാസൂത്രണത്തിന് പിന്നാലെയാണ് കുടുംബശ്രീയുടെ പിറവി. ദാരിദ്യ്ര നിർമാർജനവും സ്‌ത്രീശാക്‌തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17ന് തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌ക്കരിച്ച സംവിധാനമാണ് കുടുംബശ്രീ.

1998 മെയ് 17ന് മലപ്പുറം ജില്ലയിൽ വെച്ച് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ആണ് ഈ പ്രോജക്‌ടിന്റെ ഉൽഘാടനം നിർവഹിച്ചത്. സാമ്പത്തികമായും സാമൂഹികമായും ദുർബലാവസ്‌ഥയിൽ ഉള്ള സ്‌ത്രീ സമൂഹത്തിന് സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക ശാക്‌തീകരണവും നേടാൻ പ്രാപ്‌തരാക്കുന്നതിനുള്ള മുന്നേറ്റത്തിൽ അഭിനന്ദനാർഹമായ നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്.

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ് പൂർത്തിയായ ഓരോ സ്‌ത്രീയെ വീതം ഉൾപ്പെടുത്തി പത്ത് മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്‌ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡെവലപ്മെന്റ് സൊസൈറ്റികളായും, നഗരസഭാ-പഞ്ചായത്ത് തലത്തിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളായും തിരിച്ചു.

മൂന്ന് തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളാണ്. എഡിഎസ്, സിഡിഎസ് എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. അംഗങ്ങൾക്ക് ചെറിയതോതിൽ പണം നിക്ഷേപിക്കുകയും, ആവശ്യാനുസരണം ബാങ്ക് മുഖാന്തരം വായ്‌പയായി അനുവദിക്കുകയും ചെയ്യുന്നതാണ് കുടുംബശ്രീയുടെ പ്രവർത്തനം.

kudumbashree new

കുടുംബശ്രീയുടെ വളർച്ച

25ആം വർഷത്തിൽ എത്തി നിൽക്കുമ്പോൾ 45 ലക്ഷം അംഗങ്ങളുടെ കരുത്ത് ഈ പ്രസ്‌ഥാനത്തിനുണ്ട്. മൂന്ന് ലക്ഷം അയൽക്കൂട്ടവും 19,470 എഡിഎസും 1,070 സിഡിഎസും പ്രവർത്തിക്കുണ്ട്. ഇതിന് പുറമെ 18നും 40നും ഇടക്ക് പ്രായമുള്ളവരുടെ 19,000 ഓക്‌സിലറി ഗ്രൂപ്പും പ്രവർത്തിക്കുന്നു. സാമ്പത്തിക ശാക്‌തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം മുൻനിർത്തിയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 8,029 കോടി രൂപയുടെ സമ്പാദ്യമുണ്ട്.

24,237 കോടി രൂപ പലതവണയായി അതിൽ നിന്ന് വായ്‌പയും നൽകിയിട്ടുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും കുടുംബശ്രീ മാറി. അടുക്കളയുടെ നാല് ചുവരിനുള്ളിൽ കഴിഞ്ഞിരുന്ന സ്‌ത്രീകളെ വരുമാനം നേടാനും സ്വാശ്രയത്വം കൈവരിക്കാനും പ്രാപ്‌തമാക്കുക എന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്.

വിവിധ പദ്ധതികളുടെ ഭാഗമായി സംസ്‌ഥാനമൊട്ടാകെ ഒരു ലക്ഷത്തിലേറെ സൂക്ഷ്‌മ സംരംഭങ്ങൾ പ്രവർത്തിക്കുന്നു. ജനകീയ ഹോട്ടലുകൾ, ബഡ്‌സ് സ്‌ഥാപനങ്ങൾ, കേരള ചിക്കൻ, സ്‌നേഹിത ഹെൽപ്പ് ലൈൻ, തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ ഇടപെടലുകളാണ് കുടുംബശ്രീയെ കേരളത്തിന്റെ മുഖശ്രീയാക്കി മാറ്റുന്നത്.

പഞ്ചായത്തീരാജ് സംവിധാനം വഴിയുള്ള സംയോജനവും ഏകോപനവും വഴിയാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നത്. കാൽനൂറ്റാണ്ടിന്റെ വളർച്ച തുടരുന്നതിന് പുതിയ മുന്നേറ്റം സൃഷ്‌ടിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഇന്ന്. സ്‌ത്രീപക്ഷ നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പ്രയാണത്തിലാണ് കേരളത്തിന്റെ അഭിമാനമായ ഈ പ്രസ്‌ഥാനം.

Most Read: ഒന്നിച്ചു മുന്നേറാം; 74ആം റിപ്പബ്ളിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE