പറവൂർ ഭക്ഷ്യവിഷബാധ; വില്ലൻ സാൽമൊണല്ലോസിസ്! എന്താണ് ഈ ബാക്‌ടീരിയ?

ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണെല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ല ടൈഫിമ്യൂറിയം, സാൽമോണെല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ചു 6 മുതൽ 48 മണിക്കൂറിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്.

By Trainee Reporter, Malabar News
salmonellosis
Rep. Image
Ajwa Travels

എറണാകുളം: വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം ‘സാൽമൊണല്ലോസിസ്’ എന്ന ബാക്‌ടീരിയ ആണെന്ന് കണ്ടെത്തി. ഹോട്ടലിൽ നിന്ന് മയോണൈസ് കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ച 106 പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ജനുവരി 16ന് ഹോട്ടലിൽ നിന്ന് കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.

ചര്‍ദ്ദിയും,വയറിളക്കവും, കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. സംഭവത്തിൽ മജിലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരൻ കാസർഗോഡ് സ്വദേശി മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാറെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു.

എന്താണ് സാൽമോണെല്ല രോഗബാധ

ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണെല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ല ടൈഫിമ്യൂറിയം, സാൽമോണെല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ചു 6 മുതൽ 48 മണിക്കൂറിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. തലവേദന, ഓക്കാനം, ഛർദി, വയറിളക്കം, പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.

രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കും. എന്നാൽ, ഒരു ശതമാനം പേരിൽ രോഗം ഗുരുതരമായി മരണകരണമാവാം. പഴകിയ കോഴിയിറച്ചി, മൽസ്യം, മുട്ട എന്നിവയിലാണ് ഈ ബാക്‌ടീരിയ കണ്ടുവരുന്നത്. അതിനാൽ, പച്ച മുട്ടയോ, ഇതുപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണങ്ങളോ കഴിക്കരുത്. പ്രധാനമായും കോഴിയുടെ കാഷ്‌ഠത്തിലും മറ്റും കണ്ടുവരുന്ന ഈ ബാക്‌ടീരിയ, വിസർജ്യ പദാർഥങ്ങൾ മാംസവുമായോ മുട്ടയിലോ കലരാൻ ഇടയായാൽ രോഗബാധക്ക് കാരണമാകുന്നു.

salmonellosis

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒന്നാമതായി പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്പായി പുറം ഭാഗം നന്നായി കഴുകി കാഷ്‌ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണം. പഴകിയ കോഴിയിറച്ചി, മൽസ്യം, മുട്ട എന്നിവയിലാണ് ഈ ബാക്‌ടീരിയ കണ്ടുവരുന്നത്. അതിനാൽ, പച്ച മുട്ടയോ, ഇതുപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണങ്ങളോ കഴിക്കരുത്.

ഹോട്ടലുകളിലും മറ്റും ഫ്രിഡ്‌ജിൽ മാംസം ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇവ ഫ്രിഡ്‌ജിൽ തുറന്നു വെച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നത്, ഇറച്ചി, മീൻ, പാൽ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്‌ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങൾ പാചകം ചെയ്‌തതിന്‌ ശേഷം നിയന്ത്രിതമായ ഊഷ്‌മാവിൽ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യവിഷബാധക്ക് കാരണമാകും. വൃത്തിയുള്ള സാഹചര്യത്തിൽ മാത്രം അറവുശാലകൾ പ്രവർത്തിക്കേണ്ടതാണ്.

ഭക്ഷ്യവിഷബാധ; ജാഗ്രത വേണം

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹച്യത്തിൽ പൊതുജനങ്ങളും, ഹോട്ടൽ, കാറ്ററിങ്, ക്യാമ്പുകൾ, ഭക്ഷണവിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ (2023 ജനുവരി ഒന്ന് മുതൽ) 196 പേർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌.

ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ

1. പനി, വയറിളക്കം, ഛർദി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിൽസ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രിയിലെത്തി വിദഗ്‌ധ ചികിൽസ തേടേണ്ടതാണ്.

2. ക്യാമ്പുകൾ പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അവ അടച്ചു സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുള്ള സ്‌ഥലത്ത്‌ ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.

3. ഫ്രിഡ്‌ജിൽ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക, ഫ്രിഡ്‌ജിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുമ്പോൾ വൃത്തിയുള്ള പാത്രത്തിൽ പ്രത്യേകം അടച്ചു സൂക്ഷിക്കണം.

4. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും മിക്‌സ് ചെയ്‌ത്‌ കുടിക്കരുത്. പാചകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കണം.

5. കൃത്യമായ ഇടവേളകളിൽ വീടുകളിലെയും മറ്റും കുടിവെള്ളം ക്ളോറിനേറ്റ് ചെയ്യേണ്ടതും പരിശോധനക്ക് അയക്കേണ്ടതുമാണ്. രോഗബാധിതരായ ആളുകൾ പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കുക.

6. പഴകിയതും പൂപ്പലും ഉള്ളതുമായ ഭക്ഷണം, പാക്കറ്റിൽ ലഭ്യമായ എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാർഥങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. വൃത്തിയുള്ള ഹോട്ടലുകളിൽ നിന്ന് മാത്രം ആഹാരം കഴിക്കുക.

7. പച്ചക്കറി, മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്‌ടങ്ങൾ അടുക്കളയിലോ പരിസരത്തോ ഇടാതെ യഥാസമയം പുറത്തുകളയുക. ഈച്ച ശല്യം ഒഴിവാക്കുക.

Most Read: സ്വവർഗ വിവാഹം നിയമവിധേയം ആക്കണമെന്ന് ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE