ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കോട്ടയം തീക്കോയി മണക്കാട്ട് രാഹുൽ ഡി നായരാണ് (24) മരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്‌ഥിതി മോശമാവുകയും രാഹുലിനെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.

By Trainee Reporter, Malabar News
rahul
Ajwa Travels

കൊച്ചി: കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്‌ധ റിപ്പോർട് വന്നാൽ മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അണുബാധയെ തുടർന്ന് യുവാവിന്റെ അവയവങ്ങൾ തകരാറിലായിരിന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്‌ടർമാർ വ്യക്‌തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നും ഡോക്‌ടർമാർ പറയുന്നു.

കോട്ടയം തീക്കോയി മണക്കാട്ട് രാഹുൽ ഡി നായരാണ് (24) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു 2.55നാണ് രാഹുലിന്റെ മരണം സ്‌ഥിരീകരിച്ചത്‌. ഷവർമ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്‌ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു. രാഹുലിന്റെ പോസ്‌റ്റുമോർട്ടം നാളെ കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. കഴിഞ്ഞ ബുധനാഴ്‌ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും രാഹുൽ പാർസലായി വാങ്ങി കഴിച്ചത്.

പിന്നാലെയാണ് രാഹുലിന്റെ ആരോഗ്യസ്‌ഥിതി മോശമായത്. ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടെങ്കിലും പ്രാഥമിക ചികിൽസ മാത്രമാണ് നൽകിയത്. എന്നാൽ, ആരോഗ്യസ്‌ഥിതി മോശമായതോടെ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ രാഹുൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. അന്നുമുതൽ വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് ഉച്ചതിരിഞ്ഞു മരണം സംഭവിച്ചു. സെപ്‌റ്റിക് ഷോക്ക് ആണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്‌ടർമാർ പറയുന്നു.

പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം ഹോട്ടൽ പരിശോധിക്കുകയും അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഹോട്ടൽ ഉടമക്കെതിരെ പോലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസിന്റെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അന്നത്തെ ഷവർമ സാമ്പിൾ ലഭ്യമായില്ല. ഹോട്ടലിൽ ഉണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അടിയന്തിരമായി റിപ്പോർട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിരുന്നു.

ഭക്ഷ്യവിഷബാധയാണോയെന്ന് വ്യക്‌തത വരുത്തുന്നതിന് രാഹുലിന്റെ രക്‌തം പരിശോധനക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫലം കാത്തിരിക്കുന്നതിന് ഇടെയാണ് മരണം. രക്‌ത പരിശോധനാ ഫലമോ പോസ്‌റ്റുമോർട്ടം റിപ്പോർട്ടോ വന്നാൽ മാത്രമേ മരണകാരണം എന്തെന്ന് സ്‌ഥിരീകരിക്കാനാകൂ. അതേസമയം, യുവാവിന്റെ മരണത്തിൽ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയിൽ ലെ ഹയാത്ത് ഹോട്ടലിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കാക്കനാട്ടിലെ സെസിലെ ജീവനക്കാരനായിരുന്നു രാഹുൽ. ചിത്തേറ്റുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. കെഎസ്ഇബി റിട്ട.ഓവർസിയറും കെടിയു (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചിറകുഴിയിൽ കെകെ ദിവാകരൻ നായരുടെയും എംപി സിൽവിയുടെയും മകനാണ്. സഹോദരങ്ങൾ: കാർത്തിക്, ഭവ്യ. സംസ്‌കാരം പിന്നീട്.

Most Read| പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE