ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തില്‍ എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആളുകള്‍ പരിഭ്രാന്തര്‍ ആവേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുക ആണെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞു കുറച്ചു ദിവസങ്ങളായി തലസ്‌ഥാന നഗരിയിലെ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ട്.
കോവിഡ് രോഗബാധിതര്‍ക്ക് മികച്ച ചികില്‍സ ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നിലവിലെ കേസുകളുടെ എണ്ണം മൂന്നാം ഘട്ടത്തിനെയാണ് സൂചിപ്പിക്കുന്നതെന്നും കെജ്‌രിവാൾ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഡെല്‍ഹിയിലെ കോവിഡ് രോഗികളുടെ കിടത്തി ചികില്‍സക്കുള്ള സൗകര്യങ്ങളില്‍ കുറവുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
‘ഡെല്‍ഹിയിലെ ചില വലിയ സ്വകാര്യ ആശുപത്രികളില്‍ വേണ്ടത്ര കിടക്കകളില്ല എന്നുള്ളത് സത്യമാണ്, എന്നാല്‍ അത് മറികടക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കുക ആയിരുന്നു. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും’ അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ ഡെല്‍ഹിയില്‍ 6700 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്‌തു. തുടര്‍ച്ചയായി എത്തുന്ന ആഘോഷങ്ങളും വായു മലിനീകരണവുമാണ് ഡെല്‍ഹിയിലെ സ്‌ഥിതി മോശമാക്കിയത്.
Read Also: അർണബിന്റെ അറസ്‌റ്റിനെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ







































