തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന് മുൻപേ തന്നെ ചുറ്റുപാടിനെ അറിയാൻ ശ്രമിച്ചൊരു കൊച്ചുമിടുക്കിയുണ്ട് നമുക്കിടയിൽ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ നമ്മുടെ സ്വന്തം മലപ്പുറത്ത്.

ജില്ലകള്‍, മലയാള മാസങ്ങള്‍, ഇംഗ്ളീഷ് മാസങ്ങള്‍, ആഴ്‌ചയിലെ ദിവസങ്ങള്‍, ദേശീയ ചിഹ്‌നങ്ങൾ, വാഹനങ്ങള്‍, പഴവര്‍ഗങ്ങള്‍, ഭൂഖണ്ഡങ്ങളുടെ പേരുകള്‍ തുടങ്ങിയവ വേഗത്തില്‍ ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവാണ് സാൻവി എന്ന മൂന്ന് വയസുകാരിയെ ശ്രദ്ധേയമാക്കുന്നത്. ഖത്തറിൽ സോഫ്‌റ്റ്‌വെയർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന പ്രജോഷ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ബബിത എന്നിവരുടെ മകളായ ഈ കുഞ്ഞുപ്രതിഭ നിഷ്‌കളങ്കമായി പറയുന്ന ഉത്തരങ്ങൾ മുതിർന്നവരെ പോലും ഞെട്ടിച്ചു കളയുകയാണ്.
ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സിന് അർഹമായ സാൻവിയുടെ പ്രകടനം, ചുവടെ കാണാം:
ആഗോള തലത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ അപൂർവ പ്രതിഭയ്‌ക്ക് ഉടമയായ കുട്ടിയുടെ മുഴുവൻ പേര് സാൻവി പ്രജോഷ് എന്നാണ്. കുഞ്ഞു പ്രായത്തിൽ ഓർമശക്‌തി കൊണ്ട് ലോകത്തിന് മുന്നിൽ അൽഭുതമായി വളരുകയാണ് ഈ കുരുന്ന്. മലപ്പുറം തേഞ്ഞിപ്പലത്തെ കോഹിനൂർ ചാലയിൽ എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന സാൻവിയുടെ കഴിവുകൾ മാതാപിതാക്കൾ തിരിച്ചറിഞ്ഞത് യാദൃശ്‌ചികമായാണ്.
സാൻവിക്ക് രണ്ടര വയസുള്ളപ്പോൾ തന്നെ ദൈനംദിന ജീവിതത്തിൽ നിരന്തരം കാണുന്ന വസ്‌തുക്കളുടെ പേര് ഓർത്ത് പറയുകയും, രൂപം കൊണ്ട് തിരിച്ചറിയുകയും ചെയ്‌തതോടെ മാതാപിതാക്കളായ പ്രജോഷിനും ബബിതയ്‌ക്കും കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അവിടുന്ന് തുടങ്ങിയ സാൻവിയുടെ യാത്ര ഇന്ന് ലോക റെക്കോർഡുകൾ വരെ എത്തി നിൽക്കുന്നു. ഇപ്പോൾ മൂന്ന് വയസുകാരി കുഞ്ഞു സാൻവി നാട്ടിലെ താരമാണ്.

മനുഷ്യ ശരീരത്തിലെ 15 ഭാഗങ്ങൾ, ഒൻപത് നിറങ്ങൾ, വിവിധ ആകൃതികൾ, സസ്യഭാഗങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പക്ഷികൾ, ഗ്രഹങ്ങൾ എന്നിവയെ പരിമിതമായ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞാണ് സാൻവി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അടക്കമുള്ള അംഗീകാരങ്ങൾ നേടിയെടുത്തത്.
ഇവയിൽ പലതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടവയാണ് എന്ന് കൂടി അറിയുമ്പോഴാണ് ഈ മിടുക്കിയുടെ പ്രതിഭ എത്രത്തോളമാണെന്ന് തിരിച്ചറിയാൻ കഴിയുക. മൂന്ന് വയസ് തികയും മുൻപേ തന്നെ മൂന്ന് ലോക റെക്കോർഡുകളാണ് സാൻവി തന്റെ പേരിലാക്കിയത്. ‘കലാംസ് വേള്‍ഡ് റെക്കോഡ്’, ‘വേള്‍ഡ് വൈഡ് ബുക് ഓഫ് റെക്കോഡ്’, ‘ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോഡ്’ എന്നിവയാണ് സ്വന്തമാക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച നൂറു കുട്ടികളില്‍ ഒരാളായി 2022ലെ ‘ദി ചൈല്‍ഡ് പ്രോഡിജി‘ അവാര്‍ഡിനും സാൻവി അര്‍ഹയായിരുന്നു. ഇതിന് പുറമെ അംഗൻവാടികളിൽ നടന്ന ടാലന്റ് ടെസ്‌റ്റുകളിലും ഈ മൂന്ന് വയസുകാരി ഒന്നാം സ്‌ഥാനം നേടിയെടുത്തിരുന്നു.
Read Also: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി







































