ലോക റെക്കോർഡുകൾ സ്വന്തമാക്കി മൂന്ന് വയസുകാരി സാൻവി!

ഓര്‍മശക്‌തിയുടെ തിളക്കത്തില്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ഉൾപ്പടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മൂന്ന് വയസുകാരി സാൻവി മലബാറിലെ മലപ്പുറത്ത് നിന്നാണ്!

By Nidhin Sathi, Official Reporter
  • Follow author on
sanvi-prajosh

തേഞ്ഞിപ്പലം: മൂന്ന് വയസുള്ള കുഞ്ഞിന് ലോകത്തിലെ എത്ര കാര്യങ്ങളെ കുറിച്ച് അറിയാൻ കഴിയും എന്ന ചോദ്യം കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും. ചിലരെങ്കിലും അതിനെ തമാശയായി തള്ളിക്കളയുകയും ചെയ്യും. എന്നാൽ മൂന്ന് വയസിന് മുൻപേ തന്നെ ചുറ്റുപാടിനെ അറിയാൻ ശ്രമിച്ചൊരു കൊച്ചുമിടുക്കിയുണ്ട് നമുക്കിടയിൽ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ നമ്മുടെ സ്വന്തം മലപ്പുറത്ത്.

sanvi-prajosh
സാൻവി തനിക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് ഒപ്പം

ജില്ലകള്‍, മലയാള മാസങ്ങള്‍, ഇംഗ്ളീഷ് മാസങ്ങള്‍, ആഴ്‌ചയിലെ ദിവസങ്ങള്‍, ദേശീയ ചിഹ്‌നങ്ങൾ, വാഹനങ്ങള്‍, പഴവര്‍ഗങ്ങള്‍, ഭൂഖണ്ഡങ്ങളുടെ പേരുകള്‍ തുടങ്ങിയവ വേഗത്തില്‍ ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവാണ് സാൻവി എന്ന മൂന്ന് വയസുകാരിയെ ശ്രദ്ധേയമാക്കുന്നത്. ഖത്തറിൽ സോഫ്‌റ്റ്‌വെയർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന പ്രജോഷ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ബബിത എന്നിവരുടെ മകളായ ഈ കുഞ്ഞുപ്രതിഭ നിഷ്‌കളങ്കമായി പറയുന്ന ഉത്തരങ്ങൾ മുതിർന്നവരെ പോലും ഞെട്ടിച്ചു കളയുകയാണ്.

ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സിന് അർഹമായ സാൻവിയുടെ പ്രകടനം, ചുവടെ കാണാം:

ആഗോള തലത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ അപൂർവ പ്രതിഭയ്‌ക്ക് ഉടമയായ കുട്ടിയുടെ മുഴുവൻ പേര് സാൻവി പ്രജോഷ് എന്നാണ്. കുഞ്ഞു പ്രായത്തിൽ ഓർമശക്‌തി കൊണ്ട് ലോകത്തിന് മുന്നിൽ അൽഭുതമായി വളരുകയാണ് ഈ കുരുന്ന്. മലപ്പുറം തേഞ്ഞിപ്പലത്തെ കോഹിനൂർ ചാലയിൽ എന്ന ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന സാൻവിയുടെ കഴിവുകൾ മാതാപിതാക്കൾ തിരിച്ചറിഞ്ഞത് യാദൃശ്‌ചികമായാണ്.

സാൻവിക്ക് രണ്ടര വയസുള്ളപ്പോൾ തന്നെ ദൈനംദിന ജീവിതത്തിൽ നിരന്തരം കാണുന്ന വസ്‌തുക്കളുടെ പേര് ഓർത്ത് പറയുകയും, രൂപം കൊണ്ട് തിരിച്ചറിയുകയും ചെയ്‌തതോടെ മാതാപിതാക്കളായ പ്രജോഷിനും ബബിതയ്‌ക്കും കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അവിടുന്ന് തുടങ്ങിയ സാൻവിയുടെ യാത്ര ഇന്ന് ലോക റെക്കോർഡുകൾ വരെ എത്തി നിൽക്കുന്നു. ഇപ്പോൾ മൂന്ന് വയസുകാരി കുഞ്ഞു സാൻവി നാട്ടിലെ താരമാണ്.

sanvi-prajosh
സാൻവി മാതാപിതാക്കളായ പ്രജോഷിനും ബബിതയ്‌ക്കും ഒപ്പം

മനുഷ്യ ശരീരത്തിലെ 15 ഭാഗങ്ങൾ, ഒൻപത് നിറങ്ങൾ, വിവിധ ആകൃതികൾ, സസ്യഭാഗങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പക്ഷികൾ, ഗ്രഹങ്ങൾ എന്നിവയെ പരിമിതമായ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞാണ് സാൻവി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സ്‌ അടക്കമുള്ള അംഗീകാരങ്ങൾ നേടിയെടുത്തത്.

ഇവയിൽ പലതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടവയാണ് എന്ന് കൂടി അറിയുമ്പോഴാണ് ഈ മിടുക്കിയുടെ പ്രതിഭ എത്രത്തോളമാണെന്ന് തിരിച്ചറിയാൻ കഴിയുക. മൂന്ന് വയസ് തികയും മുൻപേ തന്നെ മൂന്ന് ലോക റെക്കോർഡുകളാണ് സാൻവി തന്റെ പേരിലാക്കിയത്. ‘കലാംസ് വേള്‍ഡ് റെക്കോഡ്’, ‘വേള്‍ഡ് വൈഡ് ബുക് ഓഫ് റെക്കോഡ്’, ‘ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോഡ്’ എന്നിവയാണ് സ്വന്തമാക്കിയത്.

കലാംസ്‌ വേൾഡ് റെക്കോർഡ് പ്രശസ്‌തി പത്രവുമായി സാൻവി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച നൂറു കുട്ടികളില്‍ ഒരാളായി 2022ലെ ‘ദി ചൈല്‍ഡ് പ്രോഡിജി‘ അവാര്‍ഡിനും സാൻവി അര്‍ഹയായിരുന്നു. ഇതിന് പുറമെ അംഗൻവാടികളിൽ നടന്ന ടാലന്റ് ടെസ്‌റ്റുകളിലും ഈ മൂന്ന് വയസുകാരി ഒന്നാം സ്‌ഥാനം നേടിയെടുത്തിരുന്നു.

Read Also: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE