അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ലെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഏത് ദിവസത്തേക്കാണോ മാറ്റുന്നത് ആ സമയത്തെ ടിക്കറ്റ് നിരക്കിലെ ഏറ്റക്കുറച്ചിലുകൾ യാത്രക്കാരൻ നൽകേണ്ടി വരും.
ഇതിനായി, എയർ ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റെടുത്തവർ എയർലൈനുമായി നേരിട്ടും എയർ ഇന്ത്യയിൽ ടിക്കറ്റെടുത്തവർ എയർലൈൻ ഓഫീസിലോ അതത് ട്രാവൽ ഏജൻസികളുമായോ ആണ് ബന്ധപ്പെടേണ്ടത്. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിലേക്കു മാത്രമേ മാറ്റി നൽകൂ. മറ്റൊരാളുടെ പേരിലേക്ക് ഈ ടിക്കറ്റ് മാറ്റാനാവില്ല.
Kerala News: സാക്ഷിയെ ഭീഷണിപ്പെടുത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും
അതേസമയം, യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ വിധി അനുസരിച്ചേ തീരുമാനമുണ്ടാകൂ. പ്രവാസി ലീഗൽ സെല്ലാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
ഇതുകൂടാതെ, യാത്ര മുടങ്ങിയ ടിക്കറ്റുകൾ വന്ദേഭാരത് മിഷൻ വിമാനത്തിലേക്കും മാറ്റി നൽകുന്നുണ്ട്. പ്രസ്‌തുത സെക്ടറിലേക്കു നിലവിൽ സർവീസ് ഉള്ള ടിക്കറ്റുകളാണ് ഇങ്ങനെ മാറ്റി നൽകുക. അല്ലാത്തവർക്ക് സാധാരണ വിമാന സർവീസ് തുടങ്ങുന്ന തിയ്യതിയിലേക്കു മാറ്റി നൽകും.
National News: യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല