കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധ റാലി നടത്തുകയും ചിലയിടങ്ങളിൽ റോഡ് ഉപരോധിക്കുകയും ചെയ്തു.
നോർത്ത് 24 പർഗാനാസ്, ഹൂഗ്ളി, ഹൗറ, ബിർഭം, സൗത്ത് 24 പർഗാനാസ്, ജൽപായ്ഗുരി ജില്ലകളിൽ പ്രതിഷേധ മാർച്ചുകൾ നടത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മമതക്ക് എതിരെ ഗൂഢാലോചന നടത്തിയതായി ആരോപിക്കുകയും ചെയ്തു.
സംയമനം പാലിക്കണമെന്നും വികാര പ്രകടനങ്ങൾ അതിരു വിടരുതെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു. “ഞങ്ങളുടെ എല്ലാ പ്രവർത്തകരോടും അവരുടെ വികാര പ്രകടനങ്ങൾ അതിരു വിടരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. നിങ്ങളുടെ ആശങ്കകൾ ഞങ്ങൾക്ക് മനസിലാകും, മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോഗ്യനില സംബന്ധിച്ച് ഞങ്ങൾ അപ്പപ്പോൾ വിവരങ്ങൾ നിങ്ങൾക്ക് നൽകാം. സമാധാനം നിലനിർത്താനും ദീദി അംഗീകരിക്കാത്ത മാർഗങ്ങൾ അവലംബിക്കാതിരിക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു. മമത വേഗത്തിൽ സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കുക. ”- തൃണമൂൽ കോൺഗ്രസ് നേതൃത്വം ട്വീറ്റ് ചെയ്തു.
We appeal to all our workers to not let their emotions overflow. We understand your concerns & we’ll keep updating about Hon’ble @MamataOfficial‘s health. We request to maintain peace & not resort to means which Didi would not approve of. Let us all pray for her speedy recovery.
— All India Trinamool Congress (@AITCofficial) March 11, 2021
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ വച്ചാണ് മമതാ ബാനർജിക്ക് നേരെ കയ്യേറ്റം ഉണ്ടായത്. നാലഞ്ച് പേരടങ്ങുന്ന പുരുഷൻമാരാണ് തന്നെ ആക്രമിച്ചതെന്ന് മമത പറഞ്ഞു. ആക്രമണത്തിൽ മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. 48 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് അവർ. സംഭവത്തിന് ശേഷം മമതാ ബാനർജിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് സുഫിയാന്റെ പരാതിയിലാണ് പൂർബ മെഡിനിപൂർ ജില്ലയിൽ പോലീസ് കേസ് എടുത്തത്.
Also Read: കുറ്റ്യാടി- പൊന്നാനി പ്രതിഷേധങ്ങൾ പ്രാദേശിക വികാരപ്രകടനം; നടപടി വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം