തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് എത്തിച്ചു. പച്ചക്കറിവില കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് തക്കാളി എത്തിച്ചത്. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്‌ക്ക് ആണ് ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്.
ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്‌ടർ തക്കാളി ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വില്‍ക്കും.
അതേസമയം പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്‍തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; മന്ത്രി വ്യക്‌തമാക്കി.
കൂടാതെ ഡിസംബര്‍ 29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തുമെന്നും മന്ത്രി അറിയിച്ചു. ‘ഇരു സംസ്‌ഥാനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം’, മന്ത്രി വ്യക്‌തമാക്കി.
പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോൽസാഹനം നൽകുമെന്നും പുതുവർഷത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Most Read: മദ്യ വിൽപനയിൽ വീണ്ടും റെക്കോർഡ്; ക്രിസ്‌മസിന് വിറ്റത് 65 കോടിയുടെ മദ്യം