ന്യൂഡെല്‍ഹി : രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 44,059 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. അതേസമയം ഇന്നലെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 41,024 ആണ്. നിലവില്‍ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 85,62,641 ആണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 511 ആളുകള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,33,738 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,43,486 ആണ്. രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക് 93.68 ശതമാനമാണ്.
രാജ്യതലസ്‌ഥാനമായ ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കോവിഡ് മരണസംഖ്യ നാലാം തവണയും 100 കടന്നു. 6,746 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. ഒപ്പം തന്നെ 121 ആളുകള്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. രോഗവ്യാപനം തടയാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംസ്‌ഥാനത്ത് നടത്തുന്നുണ്ട്. ഒപ്പം തന്നെ മറ്റ് സംസ്‌ഥാനങ്ങളായ മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 5,753 ആളുകള്‍ക്കും, കര്‍ണാടകയില്‍ 1,704 ആളുകള്‍ക്കും, തമിഴ്നാട്ടില്‍ 1,655 ആളുകള്‍ക്കും, ഗുജറാത്തില്‍ 1,495 ആളുകള്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്‌ഥിരീകരിച്ചത്.
Read also : ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി