പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ വെച്ച് ടിടിഇയ്ക്ക് മർദ്ദനം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണക്കാണ് യാത്രക്കാരനിൽ നിന്ന് മർദ്ദനമേറ്റത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദ്ദനം.
ഇന്നലെ രാത്രി പത്ത് മണിയോടെ ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് സംഭവം. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറിയ യാത്രക്കാരനോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, ഇയാളുടെ കൈയിൽ ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ടിടിഇ ഇത് ചോദ്യം ചെയ്തു. ഇതോടെ പ്രതി രോഷാകുലനായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രം കുമാർ മീണ പറഞ്ഞു.
പ്രതിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. യാത്രക്കാർ നോക്കിനിൽക്കേയാണ് ആക്രമണം നടന്നത്. ടിടിഇയുടെ പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടിടിഇ വിക്രം കുമാർ മീണ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ഇതേ രീതിയിൽ ട്രെയിനിലെ യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് ശേഷവും സമാനമായ സംഭവങ്ങളും ആവർത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിനിലുള്ള പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ഇതോടെ വീണ്ടും ചർച്ചയാവുകയാണ്.
Most Read| എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങും








































