ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മുല്ലികാർജുൻ ഖർഗെയുടെ പേര് നിർദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മമത, ഏവരെയും ഞെട്ടിച്ചാണ് ഖർഗെയുടെ പേര് മുന്നോട്ട് വെച്ചത്.
ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ ഉൾപ്പടെ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളിൽ 12 പേർ നിർദ്ദേശത്തെ പിന്തുണച്ചുവെന്നാണ് റിപ്പോർട്. എന്നാൽ, ഇപ്പോൾ ശ്രദ്ധ തിരഞ്ഞെടുപ്പിലാണെന്നും സ്ഥാനാർഥിയായി ആരെയും നിർദ്ദേശിക്കേണ്ടെന്നും ഖാർഗെ യോഗത്തിൽ നിലപാട് അറിയിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉൾപ്പടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്. മുന്നണിയുടെ നാലാമത്തെ യോഗമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം 30ന് ആരംഭിക്കുമെന്നാണ് റിപ്പോർട്.
അതേസമയം, ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളെ പ്രതിപക്ഷം ഒന്നടങ്കം ചെറുക്കുമെന്ന് ഖർഗെ പറഞ്ഞു. ഇത്രയും എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുന്നത് ആദ്യമായല്ല. അമിത് ഷായും പ്രധാനമന്ത്രിയും സംസാരിക്കണമെന്ന ആവശ്യത്തെ മാനിക്കാൻ തയ്യാറാകുന്നില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ശക്തമായ പ്രതിഷേധം നടത്തും. ഡിസംബർ 22ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഖർഗെ അറിയിച്ചു.
Most Read| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി








































