തിരുവനന്തപുരം: സംസ്‌ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.
ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റാണ്. അടുത്ത തവണ അധികാരത്തിൽ വരില്ലെന്ന് ഉറപ്പായതിനാലാണ് ഇങ്ങനെ ഒരു ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പോലും ഇതുവരെ നടപ്പിലായില്ല. കമ്മി അവസാനിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും വർധിക്കുകയാണ് ഉണ്ടായത്.
മൽസ്യ തൊഴിലാളികളെയും റബ്ബർ കർഷകരെയും വഞ്ചിക്കുന്നതാണ് ബജറ്റ്. കടമെടുത്ത് കേരളം മുടിഞ്ഞു. തോമസ് ഐസക് സംസ്‌ഥാനത്തെ കടക്കെണിയിലാക്കി. സാമ്പത്തികമായി മുന്നോട്ടു പോകുന്നതിനുള്ള നിർദേശം ബജറ്റിൽ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് വര്‍ഷമായി ശമ്പളപരിഷ്‌കരണം താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണ്. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ബജറ്റിലും കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 2000 കോടി രൂപയുടെ വയനാട് പാക്കേജും 3400 രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല.
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി, 5000 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കൃഷി നിര്‍മ്മാണ വ്യവസായ മേഖലയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍, മലയോര ഹൈവേക്ക് 3500 കോടി തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കാതെ പോയത്.
ഒരു രൂപ പോലും ചിലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റില്‍ ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു നടത്തിയ പാഴ്‌വേലയാണ് ഇത്തവണത്തെ ബജറ്റെന്നും ചെന്നിത്തല ആരോപിച്ചു.
Also Read: പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി